Connect with us

Kerala

ഏകീകൃത അക്കാദമിക് കലണ്ടര്‍: ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കണം - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏകീകൃത അക്കാദമിക് കലണ്ടര്‍ നടപ്പാക്കാനുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ എസ് എസ് എഫ് സ്വാഗതം ചെയ്തു. പുതിയ അധ്യയന വര്‍ഷം നടപ്പാക്കാവുന്ന വിധത്തില്‍ ശിപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ അടിയന്തര തീരുമാനം എടുക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. അക്കാദമിക് കലണ്ടറിലെ കാലവ്യത്യാസം വിവിധ കോഴ്‌സുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സര്‍വകലാശാലാ മാറ്റം ആവശ്യമായി വരുമ്പോഴാണ് ഈ പ്രതികൂല സാഹചര്യം കൂടുതല്‍ പ്രകടമാകുന്നത്. ഏകീകൃത കലണ്ടര്‍ നടപ്പാക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. പരീക്ഷകള്‍ കൃത്യമായി നടക്കുന്നതോടൊപ്പം മൂല്യനിര്‍ണയത്തിനും ഏകീകൃത സംവിധാനമൊരുക്കണം. മൂല്യനിര്‍ണയത്തിലെ കാലവിളംബം വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രയാസം സൃഷ്്ടിക്കാറുണ്ട്.
അയല്‍സംസ്ഥാനങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളെക്കൂടി പരിഗണിച്ചാകണം ഏകീകൃത അക്കാദമിക് കലണ്ടര്‍ രൂപപ്പെടുത്തേണ്ടതെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ്, സി കെ റാഷിദ് ബുഖാരി, കെ സൈനുദ്ദീന്‍ സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, കെ അബ്ദുര്‍റശീദ്, എ കെ എം ഹാഷിര്‍ സഖാഫി, ഡോ. നൂറുദ്ദീന്‍, മുഹമ്മദലി കിനാലൂര്‍, സി എന്‍ ജഅ്ഫര്‍, സി കെ ശക്കീര്‍ അരിമ്പ്ര സംബന്ധിച്ചു.