Connect with us

First Gear

സ്വിഫ്റ്റ് എത്തുന്നു; 48 കിലോമീറ്റര്‍ മൈലേജുമായി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തിലെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നായ മാരുതിയുടെ സ്വീഫ്റ്റ് വീണ്ടും ജനഹൃദയങ്ങള്‍ കീഴടക്കാനെത്തുന്നു. സ്വീഫ്റ്റ് റേഞ്ച് എക്‌സ്റ്റന്‍ഡര്‍ എന്ന പുതിയ മോഡല്‍ ഒരു ലിറ്റര്‍ പെട്രോളിന് 48 കി.മീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. അവിശ്വസനീയമെങ്കിലും ഈ കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി പുറത്തിറക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. തുടക്കത്തില്‍ സര്‍ക്കാര്‍ ലേബലില്‍ മാത്രമാണ് കാര്‍ പുറത്തിറക്കുന്നത്. പൈലറ്റ് പ്രൊജക്ട് എന്ന നിലയിലാണ് ഈ പദ്ധതി.

2014ലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഹൈബ്രിഡ് സാങ്കേതിക വിദ്യയിലുള്ള ഈ കാര്‍ മാരുതി ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഇത്തവണത്തെ ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ഗീന്‍ മൊബിലിറ്റി എക്‌സ്‌പോയിലും കാര്‍ പ്രദര്‍ശിപ്പിച്ചു. 658 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്.

സീരിസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ മോഡലുകളിലാണ് കാര്‍ എത്തുന്നത്. ഒന്നര മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ചാര്‍ജാകുമെന്നതാണ് ഇലക്ട്രിക് വേരിയന്റിന്റെ പ്രത്യേകത. പാരലല്‍ ഹൈബ്രിഡ് മോഡില്‍ ഇലക്ട്രിക് എന്‍ജിനും പെട്രോള്‍ എന്‍ജിനും ഒരേ സമയം ലഭ്യമാകും. വില ഉള്‍പ്പെടെ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.