ലീഗ് കപ്പ് ചെല്‍സിക്ക്‌

Posted on: March 3, 2015 5:58 am | Last updated: March 2, 2015 at 11:59 pm
SHARE

chesiaലണ്ടന്‍: ടോട്ടനം ഹോസ്പറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി ലീഗ് കപ്പ് ചാമ്പ്യന്‍മാര്‍. ക്യാപ്റ്റന്‍ ജോണ്‍ ടെറിയിലൂടെ (45) ആദ്യ പകുതിയില്‍ ലീഡെടുത്ത ചെല്‍സിയുടെ രണ്ടാം ഗോള്‍ കൈല്‍ വാക്കറിന്റെ സെല്‍ഫ് ഗോളായിരുന്നു. പുതുവര്‍ഷ ദിനം ടോട്ടനം ഹോസ്പറിനോടേറ്റ തോല്‍വിക്കുള്ള (5-3) മധുരപ്രതികാരം കൂടിയായി ചെല്‍സിക്ക് ഈ കിരീട വിജയം.
വെംബ്ലിയില്‍ തുടക്കത്തില്‍ ഞെട്ടിച്ചതൊഴിച്ചാല്‍ ടോട്ടനം ഹോസ്പറിന് ചെല്‍സിയെ കാര്യമായി വെല്ലുവിളിക്കാന്‍ സാധിച്ചില്ല. ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ഫ്രീകിക്ക് പീറ്റര്‍ ചെക്കിനെ കീഴടക്കിയെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ചെല്‍സി ആരാധകര്‍ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. രണ്ടാമത്തേത് ഹാരി കേനിന്റെ ഒരു നിലംപറ്റെയുള്ള ഷോട്ടായിരുന്നു. ഗോളി പീറ്റര്‍ ചെക്കിനെ പരീക്ഷിച്ചെങ്കിലും ഗോളായില്ല.
ആദ്യ പകുതിക്ക് പിരിയും മുമ്പ് ടെറി നേടിയ ഗോള്‍ ചെല്‍സിയുടെ വിജയത്തില്‍ നിര്‍ണായകമായി. രണ്ടാം പകുതിയില്‍ ആത്മവിശ്വാസത്തോടെ കളിച്ച ചെല്‍സി സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയുടെ സമ്മര്‍ദ നീക്കങ്ങളിലൂടെ ടോട്ടനം പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി. കോസ്റ്റയുടെ നീക്കത്തിലായിരുന്നു സെല്‍ഫ് ഗോള്‍ പിറന്നത്.
തോറ്റെങ്കിലും തന്റെ ടീമിന്റെ പ്രകടനത്തില്‍ ടോട്ടനം കോച്ച് മൗറിസിയോ പോചെറ്റിനോ സംതൃപ്തനാണ്. കാന്‍, എറിക് ഡയര്‍ എന്നീ യുവതാരങ്ങള്‍ കരിയറിലെ ആദ്യ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് കോച്ച് പ്രശംസിച്ചു.
പരിശീലകന്‍ ജോസ് മൗറിഞ്ഞോയും വലിയ ആവേശത്തിലാണ്. ഒരു കുട്ടിയെ പോലെ തുള്ളിച്ചാടുകയാണ് താനെന്ന് മൗറിഞ്ഞോ പറയുന്നു. ഇതിന് കാരണമുണ്ട്. ചെല്‍സിയുടെ പരിശീലകസ്ഥാനത്തേക്കുള്ള തിരിച്ചുവരവില്‍ മൗറിഞ്ഞോ നേടിയെടുത്ത ആദ്യ കിരീടമാണിത്. നേരത്തെ ചെല്‍സിക്കൊപ്പം ആറ് കിരീടവിജയങ്ങള്‍ സ്വന്തമാക്കി ക്ലബ്ബിന്റെ ഇതിഹാസമായി മാറിയിരുന്നു മൗറിഞ്ഞോ.
2004ല്‍ ചെല്‍സിയുടെ കോച്ചായ മൗറിഞ്ഞോ ആ വര്‍ഷം പ്രീമിയര്‍ ലീഗ്, ലീഗ് കപ്പ് സ്വന്തമാക്കി. തൊട്ടടുത്ത സീസണില്‍ കമ്യൂണിറ്റിഷീല്‍ഡ് ജയിച്ചു കൊണ്ടു തുടങ്ങിയ ചെല്‍സി പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തി. 2006-07 ല്‍ എഫ് എ കപ്പും ലീഗ് കപ്പും നേടി. പിന്നീട് ക്ലബ്ബ് ഉടമ റോമന്‍ അബ്രമോവിചുമായി ഉടക്കിപ്പിരിഞ്ഞ മൗറിഞ്ഞോ കഴിഞ്ഞ സീസണില്‍ ചെല്‍സിയില്‍ തിരിച്ചെത്തി. ഇതിനിടെ, ഇന്റര്‍മിലാന്‍, റയല്‍മാഡ്രിഡ് ക്ലബ്ബുകള്‍ക്കൊപ്പം കിരീടവിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു.
പരിശീലക ദൗത്യം ഏറ്റെടുത്തപ്പോഴെല്ലാം വിജയകരമായ ചരിത്രമുള്ള മൗറിഞ്ഞോ ചെല്‍സിയിലെ രണ്ടാം വരവിലാണ് ഒരു കിരീടത്തിലേക്ക് കൂടുതല്‍ കാലമെടുത്തത്. 914 ദിവസങ്ങള്‍ക്ക് ശേഷമാണ് പോര്‍ച്ചുഗല്‍കോച്ച് ചെല്‍സിയില്‍ തന്റെ ഏഴാം കിരീടത്തിലെത്തിയത്. ഇതൊരു തുടക്കമാണെന്ന് മൗറിഞ്ഞോ പറയുന്നു. കൂടുതല്‍ കിരീടവിജയങ്ങള്‍ വരാനിരിക്കുന്നുവെന്നാണ് ലീഗ് കപ്പ് വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്. പരിചയ സമ്പന്നരും യുവതാരങ്ങളുമടങ്ങിയ നിരയെയാണ് ഏറ്റവും പ്രധാനപ്പെട്ട ഫൈനല്‍ പോരില്‍ മൗറിഞ്ഞോ പരീക്ഷിച്ചത്. ഗോള്‍ കീപ്പിംഗിന് പീറ്റര്‍ ചെക്ക്. പ്രതിരോധത്തില്‍ ഇവാനോവിച്, കാഹില്‍, ടെറി, അസ്പിലിക്യൂട. മധ്യനിരയില്‍ റാമിറെസ്, ഫാബ്രിഗസ്, കുര്‍ട് സൗമ, വില്യെയ്ന്‍. മുന്‍ നിരയില്‍ ഡിയഗോ കോസ്റ്റയും എദിന്‍ ഹസാദും. വെംബ്ലിയിലെ ശ്രദ്ധേയ സാന്നിധ്യം ഇരുപത് വയസുള്ള ഫ്രഞ്ച് സെന്റര്‍ ബാക്ക് കുര്‍ട് സൗമയായിരുന്നു. സസ്‌പെന്‍ഷനിലായ മിഡ്ഫീല്‍ഡര്‍ നെമാന്‍ജ മാറ്റിചിന് പകരം സൗമയെ മൗറിഞ്ഞോ നിര്‍ണായക മത്സരത്തിന് ഉപയോഗിച്ചു. ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറുടെ റോളില്‍ യുവതാരത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു. കോച്ചിന്റെ പ്രശംസ പിടിച്ചു പറ്റി. ചെല്‍സിയുടെ പുതിയ മാര്‍സെല്‍ ദിസെയ്‌ലിയാണ് കുര്‍ട് സൗമയെന്ന് മൗറിഞ്ഞോ പ്രശംസിച്ചു.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനോട് പരാജയപ്പെട്ടതോടെ ചെല്‍സി സീസണിലെ രണ്ടാം കിരീടത്തിലേക്ക് അടുത്തു. പോയിന്റ് ടേബിളില്‍ ഒരു മത്സരം അധികം കളിക്കാനുള്ള ചെല്‍സിക്ക് ഇപ്പോള്‍ തന്നെ രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി അഞ്ച് പോയിന്റിന്റെ ലീഡുണ്ട്.