Connect with us

International

തിക്‌രീത് തിരിച്ചുപിടിക്കാന്‍ കനത്ത പോരാട്ടം

Published

|

Last Updated

ബഗ്ദാദ്: ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്ന് സദ്ദാം ഹൂസൈന്റെ ജന്മനഗരമായ തക്‌രീത്തിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇറാഖ് സര്‍ക്കാര്‍ ശക്തമാക്കി. സര്‍ക്കാര്‍ സൈന്യത്തിന് പിന്തുണയേകി സുന്നി, ശിയാ സൈന്യങ്ങളും രംഗത്തുണ്ട്. സ്വലാഹുദ്ദീന്‍ പ്രവിശ്യയെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന് ഇന്നലെ തുടക്കം കുറിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍അബ്ബാദി പ്രഖ്യാപിച്ചിരുന്നു. സമാറ, ദുലുയ്യ, ബലദ്, ദുജൈല്‍, അല്‍അലം, അല്‍ദൂര്‍, തിക്‌രീത് എന്നിവ ഉള്‍പ്പെടുന്നതാണ് സ്വലാഹുദ്ദീന്‍ പ്രവിശ്യ. ഇസില്‍ ഭീകരവാദികളുടെ അടിച്ചമര്‍ത്തലുകളില്‍ നിന്ന് ഇവിടുത്തെ ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും പൗരന്‍മാര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാതെ അവരെ പരിഗണിച്ചായിരിക്കണം മുന്നേറ്റം നടത്തേണ്ടതെന്നും സൈനിക കമാന്‍ഡന്‍മാരോട് അബ്ബാദി ഉണര്‍ത്തി. ഇന്നലെ തിക്രിതിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ നിന്ന് 30,000ത്തിലധികം സൈന്യങ്ങള്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ, പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും ഇറാഖിന്റെയും യുദ്ധവിമാനങ്ങളുടെ ശക്തമായ വ്യോമാക്രമണവും മുന്നോടിയായി നടക്കുന്നുണ്ട്. തിക്രീത്തിനോടുള്ള ചേര്‍ന്നുള്ള ചില ഗ്രാമങ്ങള്‍ ഇപ്പോള്‍ ഇറാഖ് സൈന്യം നിയന്ത്രണത്തിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനിടെ ഒരു സൈനികന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 35ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാസങ്ങളായി ബഗ്ദാദിന് 130 കിലോമീറ്റര്‍ വടക്കുള്ള തിക്‌രീത്ത് ഇസിലിന്റെ നിയന്ത്രണത്തിലായിരുന്നു. ഇതിന് പുറമെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂളും ഇപ്പോള്‍ ഇസിലിന്റെ കൈവശമാണ്.
സ്വലാഹുദ്ദീന്‍ പ്രവിശ്യയിലെ ഇസിലിന്റെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം വ്യോമാക്രമണം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പുരോഗതികള്‍ വിലയിരുത്താനായി അബ്ബാദി നിരന്തരം സൈനികരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമാറക്ക് ചുറ്റും ആയിരക്കണക്കിന് സുന്നി, ശിയാ സൈനികര്‍ തമ്പടിച്ചിട്ടുണ്ട്. മൊസൂളടക്കമുള്ള സുപ്രധാന നഗരങ്ങള്‍ ഇസിലില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഇപ്പോഴത്തെ ആക്രമണത്തിന് സാധിക്കുമെന്നാണ് സൈനിക നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതിനിടെ സൈനിക ആക്രമണത്തിന് മുന്നോടിയായി, മൊസൂളിലെ ചില കേന്ദ്രങ്ങള്‍ക്ക് നേരെ ഇസില്‍ തീവ്രവാദികള്‍ ആക്രമണം നടത്തി.