Connect with us

National

കാന്റീനില്‍ എം പിമാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലിമെന്റിലെ കാന്റീനില്‍ മുന്നറിയിപ്പില്ലാതെ എത്തി ഭക്ഷണം കഴിച്ച് ആശ്ചര്യപ്പെടുത്തി. പാര്‍ലിമെന്റ് സമ്മേളനം കഴിഞ്ഞ് ഉച്ചക്ക് ഒരു മണിക്കാണ് മോദി പാചകപ്പുരയിലെത്തിയത്. പാര്‍ലിമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലെ 70 ാം നമ്പര്‍ മുറിയിലാണ് പ്രധാനമന്ത്രി ഭക്ഷണത്തിന് ഇരുന്നത്. മൂന്ന് എം പിമാര്‍ ഭക്ഷണത്തിന് ഇരുന്ന മേശയിലാണ് പ്രധാനമന്ത്രി ഇരുന്നത്.
പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള വരവ് ഭക്ഷണ ശാലയിലെ ജീവനക്കാര്‍ക്കും, മറ്റുള്ളവര്‍ക്കും അമ്പരപ്പായി. പ്രധാനമന്ത്രിമാര്‍ എം പിമാരുടെ കാന്റീനില്‍ ഭക്ഷണം കഴിക്കുന്നത് അത്യപൂര്‍വമാണ്. “സാറിന് എന്താണ് ആവശ്യം” ഭക്ഷണ ശാലയുടെ ചുമതലയുള്ള ബി എല്‍ പ്രാംഹത്ത് പ്രധാന മന്ത്രിയോട് ചോദിച്ചു. “ഉച്ചക്കുള്ള ഭക്ഷണം വേണം, പ്രത്യേക തയ്യാറെടുപ്പ് ആവശ്യമില്ല” പ്രധാനമന്ത്രിയുടെ മറുപടി.വെള്ളവും, ഫ്രൂട്ട്‌സ് സലാഡുമാണ് മോദി ആദ്യം ആവശ്യപ്പെട്ടത്. പച്ചക്കറി വിഭവങ്ങളാണ് പ്രധാന മന്ത്രിക്ക് നല്‍കിയത്. തൈര്, റൊട്ടി, അരി, രജ്മ, അലോ സബ്ജി തുടങ്ങിയ ഇനങ്ങളും ഭക്ഷണ കൂട്ടില്‍ ഉള്‍പ്പെട്ടിരുന്നു. മോദി ഭക്ഷണം കഴിച്ചതിന്റെ ബില്ല് 29 രൂപയായിരുന്നു.
മോദി 100 രൂപയാണ് നല്‍കിയത്. ബാക്കി 71 രൂപ സ്റ്റാഫ് തിരിച്ച് നല്‍കി. ബീഹാറില്‍ നിന്നുള്ള ബി ജെ പി. എം പി ഛേദി പാസ്വാന്‍, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം ശങ്കര്‍ ഭായ് വെഗാഡ്, മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും മോദിയോടൊപ്പം ഭക്ഷണം കഴിച്ചു. 25 മിനുട്ടാണ് പ്രധാനമന്ത്രി ഭക്ഷണശാലയില്‍ ചെലവഴിച്ചത്. ആ സമയം 30ഓളം എം പിമാരുണ്ടായിരുന്നു. അവരോടെല്ലാം കുശലം പറഞ്ഞാണ് ഭക്ഷണ ശാലയില്‍ നിന്ന് പ്രധാനമന്ത്രി മടങ്ങിയത്. ഭക്ഷണ ശേഷം ബില്‍ നല്‍കാന്‍ കാന്റീനിലെ ജീവനക്കാര്‍ മടിച്ച് നിന്നപ്പോള്‍ മോദി നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്നാണ്് ഭക്ഷണത്തിന്റെ വിലയായ 29 രൂപ നല്‍കിയത്. ഭക്ഷണം കഴിച്ച ശേഷം കാന്റീനിലെ സന്ദര്‍ശക പുസ്തകത്തില്‍ “ഭക്ഷണം നല്‍കുന്നവര്‍ നന്നായിരിക്കട്ടെ” എന്ന് അദ്ദേഹം കുറിച്ചു. രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള ഭക്ഷണം ലഭിക്കുന്ന കാന്റീനാണ് പാര്‍ലിമെന്റ് കാന്റീന്‍.