അഖില്‍ കൊമാച്ചിയുടെ ‘ഗെറ്റ് പാക്ക് ഗോ’ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

Posted on: March 2, 2015 10:59 am | Last updated: March 2, 2015 at 10:59 am
SHARE

കോഴിക്കോട്: തിരക്കിട്ട നഗരജീവിതത്തിന്റെയും ഉള്‍നാടന്‍ ഗ്രാമജീവിതത്തിന്റെയും കൈയൊപ്പുമായി അഖില്‍ കൊമാച്ചിയുടെ ഗെറ്റ് പാക്ക് ഗോ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. നവതരംഗത്തിന്റെ ആഭിമുഖ്യത്തിലാണ് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്.
അസാമിലെ അഭയാര്‍ഥി ക്യമ്പില്‍ നിന്നുള്ള ദൃശ്യം, താര്‍ മരുഭൂമിയിലെ ദൃശ്യം, പഴയ ഡല്‍ഹിയില്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ പാടുപെടുന്ന ജീവിതം, രാജസ്ഥാനിലെ മരത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന തത്തകള്‍ തുടങ്ങി കേരളത്തിലെ വയനാട്, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും പകര്‍ത്തിയ മനോഹര ദൃശ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്.
മൂന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ ഒപ്പിയെടുത്തതാണ് ചിത്രങ്ങള്‍. അടിച്ചുപൊളി ജീവിതം ആഗ്രഹിക്കുന്ന ഇന്നത്തെ യുവത്വത്തിന് തിരിച്ചറിവിനായി ഇന്ത്യയുടെ മറ്റൊരു മുഖമാണ് ഫാറൂഖ് കോളജ് മൂന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തികളിലെ ഫോട്ടോയും പ്രദര്‍ശനത്തിലുണ്ട്. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലൂടെയാണ് ഓരോ ചിത്രങ്ങളും കടന്നുപോകുന്നത്. പുസ്തകലോകത്തിനപ്പുറം യാത്രകളുടെ അനുഭവലോകമുണ്ടെന്നും ആ ലോകത്ത് നിന്നുള്ള പാഠങ്ങള്‍ ജീവിക്കാനുള്ള ധൈര്യം തരുന്നെന്നും കാണിച്ചുതരുന്നതാണ് ഓരോ ചിത്രങ്ങളും. ഈ മാസം അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ എഴുപത്തിരണ്ടോളം ചിത്രങ്ങളാണുള്ളത്.
കെ പി രാമനുണ്ണി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പിതാവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ അജീബ് കൊമാച്ചിയാണ് അഖിലിന്റെ ഈ രംഗത്തേക്കുള്ള ചുവടുവെപ്പിന് പിന്നില്‍.