ജമ്മു കാശ്മീരില്‍ പിഡിപി-ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

Posted on: March 1, 2015 12:44 pm | Last updated: March 2, 2015 at 12:33 pm
SHARE

pm_modi_mufti_oath_ceremonyജമ്മു: 49 ദിവസത്തെ രാഷ്ട്രപതി ഭരണത്തിനൊടുവില്‍ ജമ്മു കാശ്മീരില്‍ പി ഡി പി- ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റു. പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇരു പാര്‍ട്ടികളും അംഗീകരിച്ച പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. സായുധസേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (എ എഫ് എസ് പി എ- അഫ്‌സ്പ) റദ്ദാക്കണമെന്ന നയത്തില്‍ പി ഡി പി വെള്ളം ചേര്‍ക്കുകയും ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് ഒഴിവാക്കണമെന്ന നിലപാടില്‍ നിന്ന് ബി ജെ പി മലക്കം മറിയുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് വഴിതെളിഞ്ഞത്. പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്ന് അഭയാര്‍ഥികളായെത്തിയവരെ പുനരധിവസിപ്പിക്കുന്നതും പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ട പൊതുമിനിമം പരിപാടി മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദും ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗും ചേര്‍ന്ന് പുറത്തിറക്കി.
370 ാം വകുപ്പ് റദ്ദാക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിരുന്ന ബി ജെ പി, നിലവിലുള്ള സ്ഥിതി തുടരാമെന്ന് അംഗീകരിച്ചിട്ടുണ്ട്. അധികാരത്തില്‍ എത്തുകയാണെങ്കില്‍ അഫ്‌സ്പ പിന്‍വലിക്കുമെന്നാണ് പി ഡി പി നല്‍കിയ പ്രധാന വാഗ്ദാനം. എന്നാല്‍, ഇതിനെതിരെ ശക്തമായ നിലപാടാണ് ബി ജെ പി കൈക്കൊണ്ടത്. സൈന്യത്തെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ സംയുക്ത സേനയുടെ കമാന്‍ഡറാണെന്നുമാണ് മുഫ്തിയുടെ ഇപ്പോഴത്തെ നിലപാട്.
മുഫ്തിക്ക് പുറമെ ഇരുപത്തഞ്ചംഗ കാബിനറ്റ് മന്ത്രിമാരും സോറാവാര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ എന്‍ എന്‍ വോറ സത്യവാചകം ചൊല്ലിക്കൊടുത്തു. പി ഡി പിയുടെയും ബി ജെ പിയുടെയും ഓരോ വനിതാ അംഗങങ്ങള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, ജനറല്‍ സെക്രട്ടറി റാം മാധവ്, എല്‍ കെ അഡ്വാനി, എം എം ജോഷി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാഷനല്‍ കോണ്‍ഫറ്‌സ് നേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. ഇതാദ്യമായാണ് ജമ്മു കാശ്മീരില്‍ ബി ജെ പി ഭരണകക്ഷിയാകുന്നത്. വിഘടനവാദം ഉപേക്ഷിച്ച് പൊതുരംഗത്തെത്തിയ സജ്ജാദ് ഗാനി ലോണ്‍ ബി ജെ പി ക്വാട്ടയില്‍ കാബിനറ്റ് മന്ത്രിയായിട്ടുണ്ട്. സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് മുഫ്തി മുഹമ്മദ് സഈദ്.