സി പി എം നേതാവിന്റെ വീടിന് നേരെ അക്രമം; പരുക്കേറ്റ വീട്ടമ്മ മരിച്ചു

Posted on: February 28, 2015 5:18 am | Last updated: February 28, 2015 at 12:18 am

തലശ്ശേരി: സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പിണറായിക്കടുത്ത എരുവട്ടി വെണ്ടുട്ടായിലെ വൈഷ്ണവം വീട്ടില്‍ സരോജിനി (62)യാണ് ഇന്നലെ രാവിലെ എട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സി പി എം വെണ്ടുട്ടായി ബ്രാഞ്ച് സെക്രട്ടറി സി ഷൈജന്റെ അമ്മയാണ് സരോജിനി. ഇക്കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ അഞ്ചോടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെട്ട ഒരു സംഘം അക്രമികള്‍ ഷൈജന്റെ വീട്ടിന് നേരെ അക്രമം നടത്തിയത്.
മാരകായുധങ്ങളുമായെത്തിയ സംഘം ഷൈജന്റെ ജ്യേഷ്ഠന്‍ ഷാജിയുടെ വീടാണ് ആദ്യം ആക്രമിച്ചത്. പിന്നീടാണ് ഷൈജനെ തേടി വൈഷ്ണവത്തിലെത്തിയത്. റോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലെത്തിയ സംഘം മുന്‍വശത്തെ വാതില്‍ ചവുട്ടിയും മഴു കൊണ്ട് വെട്ടിയും തകര്‍ക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടതോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകളും ഓട്ടോറിക്ഷയും തകര്‍ത്തു. തുടര്‍ന്ന് വീടിന് നേരെ കല്ലെറിഞ്ഞു. ബോംബെറിഞ്ഞതായും ആരോപിക്കുന്നുണ്ട്. കല്ലേറിലാണ് സരോജിനിക്കും ഭര്‍ത്താവ് പലേരി അച്യുതനും പരുക്കേറ്റത്.
ബോധം നഷ്ടപ്പെട്ട ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്നാണ് സരോജിനിയെ കോഴിക്കോട്ടേക്ക് മാറ്റിയത്.
ഹൃദയസംബന്ധമായ അസുഖമുള്ള സരോജിനി മാസങ്ങളായി ചികിത്സയിലാണ്. ഷാജി, ഷീജ, ഷൈജന്‍ മക്കളും ദിവ്യ(കുണ്ടുചിറ), രമേശന്‍(അണ്ടലൂര്‍) മരുമക്കളുമാണ്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.