കേരളത്തിന് ഇത്തവണയും വകയിരുത്തിയത് നിരാശ

Posted on: February 27, 2015 6:00 am | Last updated: February 26, 2015 at 10:48 pm

Suresh Prabhuപതിവുപോലെ ഈ വര്‍ഷത്തെ കേന്ദ്ര റെയില്‍വേ ബജറ്റിലും കേരളത്തിന് ആവോളം നിരാശ വകയിരുത്തിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ഇനി കേന്ദ്ര -കേരള സര്‍ക്കാറുകളേയും എം പിമാരേയും ന്യായീകരിച്ചും പഴിചാരിയും ചര്‍ച്ചകള്‍ തുടരാം. സര്‍ക്കാറിന്റെ പിടിപ്പു കേടായും എം പി മാരുടെ ഇടപെടലിന്റെ കുറവായും നമുക്ക് വിമര്‍ശിക്കാം. കേരളത്തിന്റെ പ്രധാന ആവശ്യമായ പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വിഹിതം ലഭിച്ചുവെന്ന് ആശ്വസിക്കാം… എങ്കിലും കേരളത്തിന് അര്‍ഹിക്കുന്ന വിഹിതം ലഭിച്ചിട്ടുണ്ടോയെന്ന് നമ്മള്‍ നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.
പതിവുപോലെ ചര്‍ച്ചകളും ചേരി തിരിഞ്ഞുള്ള അവകാശ വാദങ്ങളും പഴിചാരലുകളും പൊടിപൊടിക്കുന്നതിനിടയിലാണ് കേരളത്തെ പാടേ അവഗണിച്ചുകൊണ്ടുള്ള റെയില്‍വേ ബജറ്റ് വന്നിരിക്കുന്നത്. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഏറെ പ്രതീക്ഷകളോടെയാണ് മലയാളികള്‍ റെയില്‍വേ ബജറ്റിനെ നോക്കിക്കണ്ടത്. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം ഒരു മാസം മുമ്പ് ആവശ്യങ്ങള്‍ നിരത്തി കത്തയച്ചതും ബജറ്റിന് തലേന്നാള്‍ എം പിമാരെ വിളിച്ച് കോച്ചിംഗ് നല്‍കിയതുമെല്ലാം ഈ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ എല്ലാം വെറുതെയായെന്നാണ് മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് തെളിയിക്കുന്നത്.
എന്നാല്‍ കൂടുതല്‍ ഗിമ്മിക്കുകളോ പ്രഖ്യാപനങ്ങളോ ഇല്ലാത്തതും നിരക്ക് വര്‍ധന പരാമര്‍ശിക്കാത്തതും ബജറ്റിന് ഒരു ചെറിയ ആശ്വാസത്തിന്റെ രൂപം നല്‍കുന്നുണ്ട്. എന്നാല്‍, ചരക്കു കൂലി വര്‍ധന രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടിസ്ഥാന നിരക്കില്‍ നിന്ന് 10 ശതമാനം വര്‍ധിക്കുമ്പോള്‍ സിമന്റ്, കല്‍ക്കരി, യൂറിയ, പാചക വാതകം, മണ്ണെണ്ണ, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെ വില വര്‍ധന ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. റെയില്‍വേ സ്വകാര്യവത്കരിക്കില്ലന്ന് മന്ത്രി ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും വിഭവ സമാഹരണത്തിലും നിക്ഷേപത്തിലും സ്വകാര്യ മേഖലക്ക് വന്‍ പ്രാധാന്യമാണ് ബജറ്റ് നല്‍കുന്നത്. ലോകത്ത് ഒരു രാജ്യത്തും പൂര്‍ണമായി വിജയിച്ചിട്ടില്ലാത്ത പൊതു-സ്വകാര്യ പങ്കാളിത്തമാണ് റെയില്‍വേയുടെ വികസനത്തിന് കേന്ദ്രം ഊന്നല്‍ നല്‍കുന്നത്. പൊതു സ്വകാര്യ പങ്കാളിത്ത നയത്തില്‍ മാറ്റം വരുത്തിയ ബജറ്റ് സബര്‍ബന്‍ പദ്ധതികള്‍, ഹൈസ്പീഡ് റെയില്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍ വികസനം ഉള്‍പ്പെടെ 17 മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, യാത്രക്കായി കൂടുതല്‍ ആശ്രയിക്കുന്നതുമൂലം റെയില്‍വേക്ക് പ്രതിവര്‍ഷം വന്‍തുക വരുമാനം നല്‍കുന്ന മലയാളികള്‍ക്ക് പക്ഷേ ബജറ്റുകളില്‍ അവഗണനയും നിരാശയും മാത്രമാണ് ലഭിക്കാറുള്ളത്. ഇത്തവണയും അതില്‍ കാര്യമായ മാറ്റമില്ല. കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ വകുപ്പിലുണ്ടായിരുന്നപ്പോള്‍ പോലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. എന്നിരിക്കെ കേരളത്തില്‍ നിന്ന് നേരിട്ട് ഒരു സാന്നിധ്യവുമില്ലാത്ത സര്‍ക്കാറില്‍ നിന്ന് ഇതിലധികം നമുക്ക് പ്രതീക്ഷിക്കാനാകില്ലല്ലോ.
പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ട കേരളത്തിലെ പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കേരളം ഇത്തവണ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം എത്രത്തോളം പരിഗണിച്ചിട്ടുണ്ടെന്ന് കേരളത്തിലെ സ്വപ്‌നപദ്ധതിയായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് നല്‍കിയ പരിഗണന കണ്ടാല്‍ വ്യക്തമാകും. രണ്ട് നിര്‍ദിഷ്ട പാതകള്‍ക്കായി ആറ് കോടിയും, പാതയിരട്ടിപ്പിക്കലിന് വിവിധയിടങ്ങളിലായി 347 കോടി രൂപയുമാണ് കേരളത്തിന് കിട്ടിയ വിഹിതം. കേരളത്തില്‍ മലബാര്‍ മേഖലയെ പാടേ തഴഞ്ഞ ബജറ്റില്‍ അല്‍പ്പമെങ്കിലും ആശ്വാസം ലഭിച്ചത് തെക്കന്‍ ജില്ലക്കാണ്. തിരുന്നാവായ-ഗുരുവായൂര്‍ പാതക്കും, മംഗലാപുരം-കോഴിക്കോട് പാത ഇരട്ടിപ്പിക്കലിനുമായി 5.5 കോടിയാണ് മലബാറിന് ലഭിച്ച വിഹിതം.
നിര്‍ദിഷ്ട അങ്കമാലി-ശബരിപാതക്ക് ടോക്കണ്‍ വിഹിതം ആയി അഞ്ച് കോടി രൂപയും, തിരുന്നാവായ-ഗുരുവായൂര്‍ പാതക്ക് ഒരു കോടിയും വകയിരുത്തിയപ്പോള്‍ കൊല്ലം- തിരുനല്‍വേലി പാത ഇരട്ടിപ്പിക്കലിന് 85 കോടി, തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കാന്‍ 20 കോടി, ചെങ്ങന്നൂര്‍- ചിങ്ങവനം പാതയ്ക്ക് 58 കോടി, കുറുപ്പന്തറ- ചിങ്ങവനം പാതയ്ക്ക് 10 കോടി രൂപ, മംഗലാപുരം- കോഴിക്കോട് പാത ഇരട്ടിപ്പിക്കലിന് 4.5 കോടി, ചേപ്പാട്- കായംകുളം പാത ഇരട്ടിപ്പിക്കലിന് ഒരു കോടി, അമ്പലപ്പുഴ- ഹരിപ്പാട് പാതയിരട്ടിപ്പിക്കലിന് 55 കോടി, എറണാകുളം- കുമ്പളം 30 കോടി, ഷെര്‍ണൂര്‍ മംഗലാപുരം വൈദ്യുതീകരണത്തിന് മൂന്ന് കോടി തുടങ്ങിയവയാണ് ഈ ബജറ്റില്‍ കേരളത്തിന് വകയിരുത്തിയിരിക്കുന്നത്. കൊല്ലം റെയില്‍വേ സ്റ്റേഷനിലും കൊച്ചുവേളി സ്റ്റേഷനിലും രണ്ടാം ടെര്‍മിനല്‍ നിര്‍മിക്കാനും റെയില്‍വേ ബജറ്റില്‍ അനുമതി നല്‍കുന്നുണ്ട്.
ഭൂമി ഏറ്റെടുത്ത് നല്‍കല്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്ത് നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ട കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി 10 ലക്ഷം രൂപയാണ് ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അടങ്കല്‍ തുക 514 കോടി വരുന്ന പദ്ധതിക്ക് പൊതു-സ്വകാര്യ സംരംഭത്തിലൂടെ ഈ വര്‍ഷം 144.9 കോടി കണ്ടെത്തുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളോ പദ്ധതിയോ ബജറ്റ് മുന്നോട്ട് വെക്കുന്നില്ല. പദ്ധതിക്കായി 52 ലക്ഷം നീക്കിവെക്കുന്നുണ്ടെങ്കിലും 10 ലക്ഷം മാത്രമാണ് ഈ വര്‍ഷം ലഭിക്കുക.
പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ സാധ്യത നല്‍കുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്‍മാണം നേരത്തെ സര്‍ക്കാര്‍ തലത്തിലും പിന്നീട് പൊതുമേഖലാ തലത്തിലും പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ മേഖലയിലേക്ക് നീക്കാനുള്ള അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് പദ്ധതിക്ക് തിരിച്ചടിയായത്. പൊതു- സ്വകാര്യ സംരംഭകരെ കിട്ടാത്തതാണ് നിലവിലെ പ്രശ്‌നം.
ഫാക്ടറിക്കായി സംസ്ഥാനം ഭൂമിയേറ്റെടുത്ത് നല്‍കിയെങ്കിലും ചുറ്റുമതില്‍ നിര്‍മാണമല്ലാതെ മറ്റൊരു പ്രവര്‍ത്തിയും മുന്നോട്ടു പോയിട്ടില്ല. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഫാക്ടറി യാഥര്‍ഥ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പങ്കാളിയെ കെണ്ടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഇതിന് പുറമെ മറ്റു പ്രധാന ആവശ്യങ്ങളായിരുന്ന ചേര്‍ത്തല വാഗണ്‍ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനോ നിര്‍ദിഷ്ട നിലമ്പൂര്‍ നഞ്ചന്‍കോട്- മൈസൂര്‍ പാതയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ബജറ്റില്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. അതേസമയം, കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തടസ്സമായ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം തുടങ്ങിയ വിഷയങ്ങളില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ ചെറിയ ആശ്വാസത്തിന് വക നല്‍കുന്നുണ്ടെങ്കിലും കേരളത്തിന്റെ സമഗ്ര റെയില്‍വേ വികസനത്തിന് ഇനിയും ബജറ്റുകള്‍ എത്ര കഴിയണമെന്ന് കാത്തിരുന്ന് കാണണം. റെയില്‍വേയുടെ വരുമാനത്തില്‍ നിര്‍ണായക പങ്ക് നല്‍കുന്ന കേരളത്തിന് പുതിയ പാതകള്‍, കൂടുതല്‍ ട്രെയിനുകള്‍, ഉള്ളവയില്‍ കൂടുതല്‍ കോച്ചുകള്‍ തുടങ്ങിയവയൊന്നും പരിഗണിച്ചിട്ടില്ല.
കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ഇപ്പോഴും പാതി വഴിയിലാണ്. ആകെയുള്ള 117 കിലോമീറ്റര്‍ പാതയില്‍ 51 കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ ഇരട്ടിപ്പിച്ചത്. ഇനിയും 66 കിലോമീറ്റര്‍ പൂര്‍ത്തിയാകാനുണ്ട്. ആവശ്യത്തിനു ഫണ്ട് ലഭിക്കാത്തതും ഒപ്പം സ്ഥലമേറ്റെടുപ്പ് നടക്കാത്തതുമാണു പദ്ധതി വൈകിക്കുന്നത്.ആലപ്പുഴ വഴി പാത ഇരട്ടിപ്പിക്കലിന് പൂര്‍ണമായും ഭരണാനുമതി ലഭ്യമാക്കി പണി ആരംഭിക്കാന്‍ ബജറ്റ് കാത്തിരുന്ന കേരളത്തിന് പക്ഷേ അമ്പലപ്പുഴക്കും ഹരിപ്പാടിനുമിടയിലെ പാതക്കായി 55 കോടി മാത്രമാണ് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ രാജ്യത്തെ പ്രധാന ട്രെയിനുകളിലും എ വണ്‍, എ കാറ്റഗറി സ്റ്റേഷനുകളിലും വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഇതിന്റെ പൈലറ്റ് പ്രോജക്ടായി ഹൗറ രാജധാനി ട്രെയിനില്‍ വൈഫൈ നല്‍കും. വൈകാതെ എല്ലാ രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലും വൈഫൈ സൗകര്യം ലഭിക്കും. സാറ്റലൈറ്റ് ആന്റിന വഴിയാണു ഓടുന്ന ട്രെയിനുകളില്‍ വൈഫൈ ലഭ്യമാക്കുക. ഐ എസ് ആര്‍ ഒയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികവിദ്യ ലഭ്യമാണെങ്കിലും ഫണ്ട് ലഭിച്ചാലേ ട്രെയിനുകളില്‍ വൈ ഫൈ നടപ്പിലാക്കുകയുള്ളൂ. ആദ്യഘട്ടത്തില്‍ 75 എ വണ്‍ കാറ്റഗറി സ്റ്റേഷനുകളിലാണ് വൈ ഫൈ നല്‍കുക. അടുത്ത അഞ്ചുവര്‍ഷത്തിനകം ഇന്ത്യന്‍ റെയില്‍വേയെ വികസന പാതയിലെത്തിക്കലാണ് ലക്ഷ്യമിടുന്നതെന്നാണ് റെയില്‍വേ മന്ത്രിയുടെ അവകാശവാദമെങ്കിലും ഈ ബജറ്റ് അതിന് ഫലപ്രദമാണോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.