Connect with us

Gulf

പ്രതിരോധ ഉപകരണങ്ങള്‍ പരിചയപ്പെടുത്താന്‍ മലയാളികള്‍

Published

|

Last Updated

അബുദാബി: പ്രതിരോധ പ്രദര്‍ശനത്തില്‍ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്നത് മലയാളികള്‍. യു എ ഇയുടെ കൗണ്ടറുകളിലാണ് എറണാകുളം സ്വദേശി ശിഹാബും പത്തനംതിട്ട സ്വദേശി ജോയിയും ഇടംപിടിച്ചത്.
12 വര്‍ഷമായി ഐഡക്‌സിലെ സ്ഥിരം സാന്നിധ്യമാണ് ജോയി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് ഡിഫന്‍സ് ടെക്‌നോളജി ഡയറക്ടറാണ്. കമ്പനി ഗ്രൂപ്പ് എം ഡി ചെയര്‍മാന്‍ സഈദ് സൈഫ് ബിന്‍ ജാബര്‍ അല്‍ സുവൈദിയായിരുന്നു തുടക്കം മുതല്‍ എക്‌സിബിഷന്‍ സെന്ററിന്റെ ചെയര്‍മാന്‍. ഇദ്ദേഹമാണ് ഐഡക്‌സ് എക്‌സിബിഷന്‍ എന്ന ആശയം കൊണ്ടുവന്നത്. അന്നു മുതല്‍ സ്ഥിരമായി എല്ലാ എക്‌സിബിഷനിലും കമ്പനിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ടെന്ന് ജോയി പറഞ്ഞു.
1993ലാണ് ഐഡക്‌സ് തുടക്കം കുറിച്ചത്. എക്‌സിബിഷന്‍ സെന്ററില്‍ ചെറിയൊരു കെട്ടിടത്തിലാണ് തുടക്കം. ഓരോ വര്‍ഷവും പ്രതിരോധ എക്‌സിബിഷന്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.
എല്ലാവര്‍ഷവും നൂറോളം രാജ്യങ്ങള്‍ എക്‌സിബിഷനില്‍ പങ്കെടുക്കാറുണ്ട്. ദരിദ്ര രാജ്യങ്ങള്‍ പോലും സൈനിക ശക്തി തെളിയിക്കുന്നതിന് ഉല്‍പന്നങ്ങളുമായി എത്താറുണ്ട്. എന്നാല്‍ ഒരു വര്‍ഷം പോലും ഇന്ത്യ എത്തിയിട്ടില്ലെന്ന് ജോയി വ്യക്തമാക്കി.
മൂന്നാമത്തെ എക്‌സിബിഷനിലാണ് ട്രസ്റ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ അക്കൗണ്ടന്റായ ശിഹാബ് എത്തുന്നത്. കമ്പനിയുടെ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുകയും വ്യാപാരം ഉറപ്പിക്കുകയുമാണ്. ശിഹാബിന്റെ കമ്പനി കൗണ്ടറില്‍ പന്ത്രണ്ടോളം രാജ്യങ്ങളിലെ കമ്പനികളുടെ യുദ്ധോപകരണങ്ങള്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.
ഫ്‌ളൈറ്റ് സേഫ്റ്റി, എക്യുമെന്റ്‌സ്, ഫ്‌ളൈറ്റ് സ്യൂട്ട്, ഹെല്‍മെറ്റ്, ലൈഫ് ജാക്കറ്റ്, യന്ത്ര മനുഷ്യര്‍ എന്നിവയാണ് പ്രധാനമായും പ്രദര്‍ശനത്തിന് വെച്ചിട്ടുള്ളത്. ഓരോ ദിവസവും 10 ലക്ഷം ദിര്‍ഹമിന്റെ വ്യാപാരമാണ് നടക്കുന്നതെന്ന് ജോയിയും ഷിഹാബും വ്യക്തമാക്കുന്നു.

Latest