Connect with us

Kerala

പ്രധാനാധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു ഒരാഴ്ചത്തെ സമയം തേടി

Published

|

Last Updated

ശ്രീകണ്ഠപുരം: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ചുഴലി അരണൂരിലെ ഇ പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതിയായ തളിപ്പറമ്പ് എം എല്‍ എയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജയിംസ് മാത്യു പോലീസില്‍ ഹാജരാകാന്‍ ഒരാഴ്ചത്തെ സമയം ചോദിച്ച് കത്ത് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകണ്ഠപുരം സി ഐ. കെ എ ബോസിനാണ് പേഴ്‌സനല്‍ സെക്രട്ടറി മുഖേന കത്ത് നല്‍കിയത്.
അസുഖത്തെ തുടര്‍ന്ന് നീലേശ്വരത്തെ കാവുഞ്ചാല്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ ഒരാഴ്ചത്തെ ചികിത്സയിലാണെന്നും ചികിത്സ കഴിയും വരെ സമയം നീട്ടിക്കിട്ടണമെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. എം എല്‍ എയുടെ കത്ത് പരിഗണിച്ച് ഒരാഴ്ചത്തേക്ക് സമയം നീട്ടി നല്‍കിയതായി സി ഐ അറിയിച്ചു.
ഒരാഴ്ചക്കു ശേഷം അടുത്ത മാസം മൂന്നിനാണ് ജയിംസ് മാത്യൂ ഹാജരാകേണ്ടത്. മാര്‍ച്ച് ആറ് മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കും. അതിനുള്ളില്‍ ജയിംസ്മാത്യൂ ഹാജരാവുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെങ്കില്‍ പിന്നെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി തേടേണ്ടി വരും അതുവരെ സമയം നീട്ടിക്കൊണ്ടു പോകാനാണ് ജയിംസ് മാത്യൂവിന്റെ നീക്കമെന്നാണ് സൂചന. അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി എം വി ഷാജി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഷാജിക്കു ജാമ്യം ലഭിക്കുമോയെന്ന് നോക്കിയശേഷമായിരിക്കും ജയിംസ് മാത്യൂവിന്റെ കീഴടങ്ങല്‍ എന്നും അറിയുന്നു. 24 ന് കീഴടങ്ങാനാണ് ജയിംസ് മാത്യൂവിന് നേരത്തെ പോലീസ് നോട്ടീസ് നല്‍കിയിരുന്നത്. ആലപ്പുഴയില്‍ സി പി എം സമ്മേളനം നടക്കുന്നത് പരിഗണിച്ചായിരുന്നു 24 വരെ സമയം നല്‍കിയത്. എന്നാല്‍, സമ്മേളനം കഴിഞ്ഞ് ആലപ്പുഴയില്‍ നിന്ന് അദ്ദേഹം കണ്ണൂരിലെത്തിയെങ്കിലും ഹാജരായിരുന്നില്ല.