Connect with us

National

അഴിമതിക്കേസ്: മധ്യപ്രദേശ് ഗവര്‍ണര്‍ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവ് സ്ഥാനം രാജിവെച്ചു. ശതകോടികളുടെ വ്യാപം പരീക്ഷാ അഴിമതിക്കേസിലാണ് യാദവിന്റെ പേരും ഉള്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് സ്ഥാനമൊഴിയാനുള്ള സമ്മര്‍ദത്തിലായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാജിക്കത്ത് മന്ത്രാലയത്തിന് അയച്ചുകൊടുക്കുകയായിരുന്നു. 2011 മുതല്‍ മധ്യപ്രദേശ് ഗവര്‍ണറാണ് അദ്ദേഹം.
2013ല്‍ ഫോറസ്റ്റ് ഗാര്‍ഡ് തസ്തികക്ക് വേണ്ടി അപേക്ഷിച്ചവരില്‍ നിന്ന് പണം സ്വീകരിച്ചുവെന്നതാണ് കേസ്. അഴിമതി, ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തല്‍, വഞ്ചന എന്നിവക്കാണ് കേസെടുത്തത്. കേസില്‍ മറ്റ് 70 പേരും ഉള്‍പ്പെട്ടിട്ടുണ്ട്. യാദവിനെതിരെ കേസെടുത്ത പ്രത്യേക ദൗത്യ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി വേണ്ടിവരും. മകന്‍ ശൈലേശ് യാദവിന്റെ പങ്കും പ്രത്യേക ദൗത്യ സംഘം പരിശോധിച്ചിട്ടുണ്ട്.
മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് അഥവാ വ്യാപം എന്നതുമായി ബന്ധപ്പെട്ട കേസാണിത്. മെഡിക്കല്‍ ഓഫീസര്‍, കോണ്‍സ്റ്റബിള്‍, അധ്യാപകര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ഓഡിറ്റര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത് വ്യാപം ആണ്. ഉദ്യോഗസ്ഥര്‍ കൈക്കൂലി സ്വീകരിച്ച് പരീക്ഷ പോലും നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുകയായിരുന്നു. ചില രേഖകളും ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുന്ന പെന്‍ ഡ്രൈവ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പ്രത്യേക ദൗത്യ സംഘത്തിന് കൈമാറിയിരുന്നു.

Latest