Connect with us

Gulf

പ്രതിരോധ പ്രദര്‍ശനത്തിന് ജനത്തിരക്ക്‌

Published

|

Last Updated

അബുദാബി: പ്രതിരോധ പ്രദര്‍ശനത്തിന് വന്‍ ജനത്തിരക്ക്. യുദ്ധമുഖങ്ങളിലെ നൂതന വാഹനങ്ങളും ആയുധങ്ങളും നേരിട്ട് കാണാന്‍ സൗകര്യമൊരുക്കുന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന് സ്വദേശികളും വിദേശികളുമുള്‍പ്പെടെ ആയിരങ്ങളാണ് സന്ദര്‍ശിക്കുന്നത്.
രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച്‌വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കും അവസരമുണ്ട്. കവാടത്തിലുള്ള ഓഫീസില്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ച് അപേക്ഷ ഫോറം പൂരിപ്പിച്ചാല്‍ അകത്ത് കയറാം.
വിവിധ രാജ്യങ്ങള്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന വാഹനങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കൂടാതെ ആയുധങ്ങളും യുദ്ധമുഖത്ത് ഉപയോഗിക്കുന്നവസ്ത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.
കരസേന, നാവിക സേന, വ്യോമസേന എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പ്രദര്‍ശനം. കരസേന ഒഴികെയുള്ളവ എക്‌സിബിഷന്‍ സെന്ററിന്റെ മുന്നിലുള്ള റോഡിന്റെ മറുവശത്തുള്ള കായലിന്റെ അരികിലാണ് ഒരുക്കിയത്. ഇത് കാണുന്നതിന് എക്‌സ്ബിഷന്റെ മുഖ്യകേന്ദ്രത്തില്‍ നിന്നു നടപ്പാലം കടന്ന് വേണം പോകുവാന്‍. യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, സഊദി എന്നീ രാജ്യങ്ങള്‍ നാവികസേന പ്രദര്‍ശനത്തില്‍ കപ്പലുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അമേരിക്ക കഴിഞ്ഞ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന വിവിധ ഇനം വിമാനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി എത്തിച്ചിട്ടുണ്ട്. കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന കുഞ്ഞന്‍ വാഹനം മുതല്‍ മലനിരകള്‍ ഇടിച്ചിട്ട് മുന്നേറുന്ന വമ്പന്‍വണ്ടികള്‍ വരെ പ്രദര്‍ശനത്തിലുണ്ട്.
ചൈനയാണ് പ്രദര്‍ശനത്തിലെ ശ്രദ്ധാകേന്ദ്രം. സാങ്കേതികവിദ്യ യുദ്ധമുഖത്ത് എത്രത്തോളം പ്രായോഗികമാക്കാം എന്ന് ചൈന ബോധ്യപ്പെടുത്തുന്നു. കരസേനയുടെ ഭാഗത്ത് ഗ്രീസ്, റഷ്യ, ഇറ്റലി, ബ്രസീല്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍, ഫ്രാന്‍സ്, അമേരിക്ക, യു കെ എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം സംഘങ്ങള്‍ എത്തിയിട്ടുണ്ട്.
കള്ളന്മാരെയും ദേശ ദ്രോഹികളെയും സൈനിക ഓപ്പറേഷനിലൂടെ എങ്ങനെ കീഴ്‌പെടുത്താം എന്നതിന്റെ പ്രദര്‍ശനവും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. കോടികളുടെ വ്യാപാരമാണ് ഐഡക്‌സില്‍ നടക്കുന്നത്. നൂതന വിദ്യയുടെ പ്രദര്‍ശനത്തില്‍ രാജ്യങ്ങള്‍ തമ്മിലും കമ്പനികള്‍ തമ്മിലും കരാറില്‍ ഒപ്പുവെക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തുന്നുണ്ട്.
ഐഡക്‌സില്‍ ലോകത്തിലെ പലരാഷ്ട്രങ്ങളുടെയും സാങ്കേതികവിദ്യകള്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് കാണുവാനും വിലയുറപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
അടുത്ത ദിവസങ്ങളില്‍ അബുദാബിയിലെ വിവിധ കോളജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് പ്രദര്‍ശനം കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

Latest