Connect with us

Palakkad

ജില്ലാ പഞ്ചായത്ത് ബജറ്റ്: വിദ്യാഭ്യാസം, ആരോഗ്യം,കുടിവെളളത്തിന് ഊന്നല്‍

Published

|

Last Updated

പാലക്കാട്: ജില്ലപഞ്ചായത്ത് ബജറ്റില്‍ വിദ്യാഭ്യാസം , ആരോഗ്യം , കുടിവെളളം മേഖലക്ക് മുന്‍ഗണന. ബജറ്റില്‍ ആകെ നൂറ്റിമുപ്പത്തിയഞ്ച് കോടി എഴുപത്തി രണ്ട് ലക്ഷം രൂപ വരവും, നൂറ്റിമുപ്പത്തിയഞ്ച് കോടി അമ്പത്തി മൂന്ന് ലക്ഷം രൂപ ചിലവും പത്തൊമ്പത് ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നുണ്ട്.
നെല്‍കര്‍ഷകര്‍ക്കുളള ധനസഹായം ലഭ്യമാക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന സമൃദ്ധി പദ്ധതിക്കായി എട്ട് കോടി രൂപയും ചെറുകിട വ്യവസായം, മൃഗസംരക്ഷണം, എന്നീ മേഖലകളുള്‍പ്പെട്ട ഉത്പാദന മേഖലക്കായി 14 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നെല്‍കൃഷിക്ക് പുറമെ ജൈവ പച്ചക്കറി ഉത്പാദനത്തിനായി 50 ലക്ഷവും നീക്കിയിട്ടുണ്ട്.
വിദ്യാഭ്യാസം , ആരോഗ്യം, കുടിവെള്ളം എന്നിവയുള്‍പ്പെട്ട സേവനമേഖലക്കായി മൊത്തം 63 കോടിയാണ് വകയിരുത്തിയിട്ടുളളത്. അലോപ്പതിക്ക് പുറമെ ആയുര്‍വേദം, ഹോമിയോ ജില്ലാ ആശുപത്രികളുടെ നവീകരണത്തിന് ഒരു കോടിയും, ജില്ലയിലെ ഉന്നതനിലവാരമുളള 13 സ്‌കൂളുകളെ ഹരിശ്രീ മോഡലില്‍ നവീകരിക്കുന്നതിന് ഒന്‍പത് കോടിയും,ഭിന്നശേഷിക്കാര്‍ക്കുളള സ്‌ക്കോളര്‍ഷിപ്പിന് 60 ലക്ഷവും, കലാകായികവികസനത്തിന് മൂന്ന് കോടിയും, കുടുംബക്ഷേമം, വനിതാക്ഷേമം ,കുട്ടികളുടേയും സ്ത്രീകളുടേയും സംരക്ഷണം എന്നിവക്കായി 19 കോടിയും വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി വിഭാഗക്കാരുടെ കോളനികളുടെ സമഗ്ര വികസനം ,ഭവനനിര്‍മ്മാണം, കുടിവെളളം , റോഡ് എന്നിവക്കായി 27കോടിയും അട്ടപ്പാടി മേഖലയിലെ സ്‌ക്കൂള്‍ കുട്ടികളുടെ പ്രഭാത”ക്ഷണമുള്‍പ്പെടെയുളള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപയും ബഡ്‌സ് സ്‌കൂളുകള്‍ക്കായി ഒരുകോടിയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിലുളള എട്ട് മീറ്ററിലധികം വീതിയുളള വലിയ റോഡുകളുടേയും ഗതാഗത യോഗ്യമല്ലാത്ത ചെറുപാലങ്ങളുടേയുമുള്‍പ്പെടെയുളള നവീകരണത്തിനായി മൊത്തം 58കോടി വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസഹാക്കാണ് ബഡ്ജറ്റ് അവതരണം നടത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ , ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.