Connect with us

Wayanad

കേന്ദ്രത്തിനെതിരെ സംയുക്ത തൊഴിലാളി യൂനിയന്‍ 26ന് മാര്‍ച്ചും ധര്‍ണയും നടത്തും

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയത്തിലും, ഓര്‍ഡിനന്‍സ് രാജിലൂടെ സ്വകാര്യവത്ക്കരണനയം അതിവേഗത്തില്‍ നടപ്പിലാക്കുന്ന നടപടിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി 26ന് രാവിലെ 10 മണിക്ക് താലൂക്ക് കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് തൊഴിലാളികളുടെ മാര്‍ച്ചും ധര്‍ണയും നടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് കേന്ദ്രീകരിച്ച് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച്, മാനന്തവാടി താലൂക്ക് കേന്ദ്രീകരിച്ച് പോസ്റ്റ്ഓഫീസ് മാര്‍ച്ച്, ബത്തേരി താലൂക്കില്‍ ബത്തേരി പോസ്റ്റോഫീസ് മാര്‍ച്ച് എന്നിവ നടക്കും. കല്‍പ്പറ്റയില്‍ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണനും, ബത്തേരിയില്‍ ബി എം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ചന്ദ്രശേഖരനും, മാനന്തവാടിയില്‍ ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലിയും ഉദ്ഘാടനം ചെയ്യും. എട്ട് മാസം പിന്നിട്ട ബി ജെ പി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നയം നടപ്പാക്കുകയാണ്. അതിവേഗത്തിലുള്ള സ്വകാര്യവത്ക്കരണനയമാണ് രാജ്യത്ത് നടക്കുന്നത്. ദേശസാത്കൃത മേഖലയിലെ കല്‍ക്കരി സ്വകാര്യവത്ക്കരിക്കാനും, ഇന്‍ഷൂറന്‍സ് കമ്പനികളില്‍ വിദേശ ഓഹരി പങ്കാളിത്തം 26-ല്‍ നിന്നും 49 ശതമാനമാക്കാനും ഓര്‍ഡിനന്‍സിറക്കി ഡിഫന്‍സ്, റെയില്‍വെ, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലയെ സ്വകാര്യവത്ക്കരിക്കാനുമുള്ള നീക്കങ്ങള്‍ നടക്കുകയാണ്. രാജ്യത്ത് നിലവിലുള്ള പൊതുവിതരണ സമ്പ്രദായവും, അവശ്യവസ്തുക്കളുടെ സബ്‌സിഡിയും തകര്‍ക്കുകയാണ്. ഭക്ഷ്യധാന്യം സംഭരിക്കാനുള്ള എഫ് സി ഐ ഗോഡൗണുകള്‍ റിലയന്‍സ് കമ്പനിക്ക് പാട്ടത്തിന് കൊടുക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും, പെട്രോള്‍, ഡീസല്‍ വില പകുതി കുറക്കാതെ ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. പാചകവാതക സബ്‌സിഡി ബാങ്ക് വഴിയാക്കി. റേഷന്‍ സബ്‌സിഡി ബാങ്ക് വഴിയാക്കാനുള്ള നീക്കം നടക്കുകയാണ്. പരിഷ്‌ക്കരണത്തിന്റെ പേരില്‍ തൊഴിലാളി നിയമങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ നടത്തുകയാണ്. രാജസ്ഥാനില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ തൊഴില്‍നിയമം ഇവിടെ നടപ്പിലാക്കാന്‍ കച്ച കെട്ടി ഇറങ്ങിത്തിരിക്കുകയാണ്. ഇതിനെതിരെയാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭം നടത്തുന്നത്. പത്രസമ്മേളനത്തില്‍ പി കെ മുഹമ്മദ്, കെ സുഗതന്‍ (സി ഐ ടി യു), പി കെ കുഞ്ഞിമൊയ്തീന്‍, ഗിരീഷ് കല്‍പ്പറ്റ (ഐ എന്‍ ടി യു സി), എസ് യു സുകുമാരന്‍ (എ ഐ ടി യു സി), എ കെ പ്രകാശ് (ബി എം എസ്), എന്‍ ഒ ദേവസി (എച്ച് എം എസ്), സി മൊയ്തീന്‍കുട്ടി (എസ് ടി യു) തുടങ്ങിയവര്‍ പങ്കെടുത്തു.