Connect with us

Kerala

ടി പി വധം: വി എസിന്റെ കത്തിന്മേല്‍ തുടര്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ്‌

Published

|

Last Updated

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതതല ഗൂഢാലോചന വ്യക്തമാക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്തെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം സ്വീകരിക്കണമെന്നും കോണ്‍ഗ്രസ്.
ആലപ്പുഴ സമ്മേളനത്തില്‍ പരിഗണിക്കാനുള്ള സംഘടനാ റിപ്പോര്‍ട്ടിന് ബദലായി വി എസ് നല്‍കിയ രേഖ, സി പി എമ്മിന്റെ ആഭ്യന്തര കാര്യം മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസിലെ ഞെട്ടിപ്പിക്കുന്നതും വിലപ്പെട്ടതുമായ തെളിവുകളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.
ടി പി കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് വി എസിന്റെ വെളിപ്പെടുത്തലെന്നും ഇക്കാര്യത്തില്‍ നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം വ്യക്തിവിദ്വേഷത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ചര്‍ച്ചകളാണ് ആലപ്പുഴയില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടായതെന്ന് വി എം സുധീരന്‍ കുറ്റപ്പെടുത്തി. ഫലത്തില്‍ വി എസ് വിരുദ്ധ സമ്മേളനമായി അത് മാറി. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നവും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടില്ല.
നാദാപുരത്ത് നടന്ന കൊലപാതകത്തെയും അതിന്റെ മറപിടിച്ച് അരങ്ങേറിയ അക്രമങ്ങളെയും പകല്‍കൊള്ളയെയും കോണ്‍ഗ്രസ് അപലപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്തിലുള്ള രണ്ടാംഘട്ട പ്രക്ഷോഭം മാര്‍ച്ച് 24ന് നടക്കും.
കെ പി സി സി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിന്റെയും ജില്ലാതലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചുകളുടെയും തുടര്‍ച്ചയായാണ് ഈ പ്രക്ഷോഭം. വര്‍ഗീയവത്ക്കരണ നയം അവസാനിപ്പിക്കുക, റബര്‍ വില തകര്‍ച്ച പരിഹരിക്കാന്‍ നടപടി സ്വീകരിച്ച് കര്‍ഷകരെ സംരക്ഷിക്കുക, ഇന്ധനവില കുറയുന്നതിന് ആനുപാതിക ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയെടുക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.