കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ; പദയാത്ര കോഴിക്കോട്ടെത്തി

Posted on: February 24, 2015 12:02 pm | Last updated: February 24, 2015 at 12:02 pm

കോഴിക്കോട്: മാനവ് ഏക്താ മിഷന്റെ ആഭിമുഖ്യത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സംഘടിപ്പിക്കുന്ന പദയാത്ര കോഴിക്കോട്ടെത്തി. വിവിധ മതങ്ങള്‍ സ്വന്തം വിശ്വാസവും ആചാരവും നിലനിര്‍ത്തിത്തന്നെ പരസ്പരം സഹകരിക്കണമെന്ന് യാത്ര സംഘടിപ്പിക്കുന്ന മാനവ് ഏകതാ മിഷന്‍ ആചാര്യന്‍ ശ്രീഎം പറഞ്ഞു.
കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പ്രത്യാശയുടെ പദയാത്ര അടുത്ത വര്‍ഷം ഏപ്രിലില്‍ ശ്രീനഗറിലാണ് സമാപിക്കുക. 42 ദിവസങ്ങള്‍ കൊണ്ട് 700 കിലോമീറ്റര്‍ പിന്നിട്ട യാത്ര 7000 കിലോമീറ്ററോളമാണ് ലക്ഷ്യം വെക്കുന്നതെന്നും ശ്രീ എം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ മതങ്ങളും ജാതികളും സംസ്‌കാരങ്ങളും അവരുടെ സ്വത്വത്തില്‍ ഉറച്ചുനിന്ന് തന്നെ പരസ്പരം സഹകരിക്കാനും യോജിപ്പോടെ നീങ്ങാനും സാധിക്കണമെന്ന സന്ദേശമാണ് പ്രത്യാശയുടെ പദയാത്രയുടെ പ്രമേയം.
ഇന്ന് തിരുവങ്ങൂര്‍, നാളെ കൊയിലാണ്ടി, 26ന് പുതുപ്പണം എന്നിവിടങ്ങളില്‍ യാത്രയെത്തും. കേരളത്തിലെ പര്യടനം മാര്‍ച്ച് ഏഴിന് പൂര്‍ത്തിയാക്കി കര്‍ണാടകയിലേക്ക് പ്രവേശിക്കും. മതവും വിശ്വാസവും മാറ്റാനല്ല, സ്‌നേഹത്തിലേക്ക് മനസ്സിലുമൊരു യാത്ര സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ശ്രീഎം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.