ഈജിപ്തില്‍ 80ലധികം ബ്രദര്‍ഹുഡ് നേതാക്കളുടെ വിചാരണ സൈനിക കോടതിയിലേക്ക്

Posted on: February 24, 2015 9:47 am | Last updated: February 24, 2015 at 9:47 am

egyptകൈറോ: പുറത്താക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡ് പരമോന്നത നേതാവിന്റെയും മറ്റു 83 ഇസ്‌ലാമിസ്റ്റുകളുടെയും വിചാരണ സൈനിക കോടതിയിലേക്ക് മാറ്റി. ഈജിപ്തിലെ ക്വേന പട്ടണത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ആക്രമിക്കുകയും അക്രമത്തിനു പ്രോത്സാഹനം ചെയ്യുകയും പൊതു കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസിന്‍മേലുള്ള വിചാരണയാണ് സൈനിക കോടതിയിലേക്ക് മാറ്റിയത്.
പ്രതികളില്‍ മുതിര്‍ന്ന ബ്രദര്‍ഹുഡ് നേതാക്കളായ മുഹമ്മദ് അല്‍ ബെല്‍ത്താഗിയും സഫ്വത്ത് ഹെഗസിയും ഉള്‍പ്പെടുന്നു.
2013 ല്‍ ഇസ്‌ലാമിസ്റ്റ് പ്രസിഡന്റിന്റെ ഭരണത്തില്‍ പ്രതിഷേധിച്ച് തെരുവില്‍ വന്‍ പ്രക്ഷോഭം അരങ്ങേറിയതിനെ തുടര്‍ന്ന് പട്ടാളം മുര്‍സിയെ പുറത്താക്കിയിരുന്നു. ഇതിന് ശേഷം ആയിരക്കണക്കിന് ബ്രദര്‍ഹുഡ് നേതാക്കളെയും മുര്‍സിയെ പിന്തുണക്കുന്നവരെയും പിടികൂടി വിചാരണക്ക് വിധേയമാക്കുന്നുണ്ട്. സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ കൊലപ്പെടുത്തിയതിനും ചാരവൃത്തിക്കും 2011 ലെ വിപ്ലവ സമയത്ത് ജയിലില്‍ നിന്ന് രക്ഷപ്പെട്ടതിനും ജുഡീഷ്യറിയെ അപമാനിച്ചതിനും വിചാരണ നേരിട്ട മുര്‍സി ഇപ്പോള്‍ ജയിലിലാണ്.