വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നില്ല:ഉക്രൈന്‍ പ്രധാനമന്ത്രി

Posted on: February 23, 2015 9:57 am | Last updated: February 23, 2015 at 9:57 am

വാഷിംഗ്ടണ്‍ : ഉക്രൈന്‍ തകര്‍ച്ചയുടെ വക്കിലല്ലെന്നും റഷ്യന്‍ അനുകൂല വിഘടന വാദികള്‍ കിഴക്കന്‍ ഉക്രൈനില്‍ സര്‍ക്കാര്‍ സൈന്യത്തിനു നേരെ അക്രമം തുടരുന്നതിനാല്‍ കഴിഞ്ഞ ആഴ്ച സമ്മതിച്ച വെടി നിര്‍ത്തല്‍ നിലനില്‍ക്കുന്നില്ലെന്നും ഉക്രൈന്‍ പ്രധാനമന്ത്രി ആര്‍സെനി യെറ്റസെന്യൂക് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന് ഉക്രൈന്‍ പിടിച്ചടക്കണമെന്നതില്‍ ഒരു സംശയവുമില്ല, അദ്ദേഹം അതിനുള്ള വലിയ ദൗത്യത്തിലാണെന്നും യെറ്റ്‌സെന്യൂക് കൂട്ടിച്ചേര്‍ത്തു. ഉക്രൈന്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നുള്ള ആയുധ ഇറക്കുമതി അദ്ദേഹം പുനരാരംഭിച്ചു.
വെടി നിര്‍ത്തല്‍ നിരീക്ഷിക്കാന്‍ കവചിത കാറുകളും സാറ്റലൈറ്റ് ചിത്ര സംവിധാനവും സജ്ജീകരിക്കാന്‍ ചേരിയിലെ 28 അംഗങ്ങളും തീരുമാനിച്ചിരുന്നു. അതേസമയം, ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ച സമാധാനപാലന ദൗത്യത്തിനു സൈന്യത്തെ നല്‍കുന്നതില്‍ ഇതുവരെ തീരുമാനമായില്ലെന്ന് ഒരു മുതിര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വെടി നിര്‍ത്തല്‍ വ്യവസ്ഥയിലെ പ്രധാന തീരുമാനങ്ങളിലൊന്നായ തടവുകാരുടെ കൈമാറ്റം ഉക്രൈന്‍ സൈന്യവും വിമതരും തമ്മില്‍ വിജയകരമായി നടപ്പാക്കി. ഇതിലൂടെ 140 ഉക്രൈന്‍ സൈനികരും 52 വിമതരും മോചിതരായി.