Connect with us

National

11, 12 പഞ്ചവത്സര പദ്ധതികളില്‍ ന്യൂനപക്ഷ ക്ഷേമത്തിന് അനുവദിച്ചത് 6300 കോടി രൂപയുടെ പദ്ധതികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക- സാമ്പത്തിക ക്ഷേമത്തിന് 6300 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 11, 12 പഞ്ചവത്സര പദ്ധതികളിലെ ബഹുമുഖ വികസന പരിപാടിക്ക് കീഴിലാണ് ഇതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയുടെ മറുപടിയില്‍ പറയുന്നു.
2008-09 കാലയളവില്‍ 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ പദ്ധതി ആരംഭിച്ചതായും ന്യൂനപക്ഷകാര്യ മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് 3780 കോടി അനുവദിക്കുകയും 3734 കോടിയുടെ പദ്ധതികള്‍ അംഗീകരിക്കുകയും ചെയ്തു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ 2756 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കുകയും 1598.96 കോടി രൂപ അനുവദിക്കുകയും ചെയ്തു. ബ്ലോക്ക്, നഗരം, സമുദായം എന്നീ നിലയില്‍ ഫണ്ട് ചെലവഴിക്കാനാണ് പദ്ധതിയിട്ടത്. ബ്ലോക്ക്തല കമ്മിറ്റികള്‍ പദ്ധതികള്‍ തയ്യാറാക്കുകയും ജില്ലാ കമ്മിറ്റിക്ക് കൈമാറുകയും ചെയ്യും. ജില്ലാ കമ്മിറ്റി ഇത് പരിശോധിച്ച ശേഷം സംസ്ഥാന സമിതിക്ക് അയക്കുന്നു. കേന്ദ്ര കമ്മിറ്റിക്ക് ശിപാര്‍ശകള്‍ പരിശോധിക്കാനും തീരുമാനമെടുക്കാനുമുള്ള അധികാരമുണ്ട്. ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് കൈകൊണ്ട പദ്ധതികളെ സംബന്ധിച്ച് മുറാദാബാദിലെ വിവരാവകാശ പ്രവര്‍ത്തകന്‍ സലീം ബെയ്ഗ് ആണ് അപേക്ഷ നല്‍കിയത്.
അതേസമയം, അനുവദിച്ച ഫണ്ട് ന്യൂനപക്ഷങ്ങളിലേക്ക് എത്തിയില്ലെന്ന ആക്ഷേപം വ്യാപകമാണ്. നിരവധി പദ്ധതികള്‍ പുനരവലോകനം ചെയ്യുകയും ഫണ്ടുകള്‍ കൃത്യമായി ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. കേരളം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഫണ്ട് കൃത്യമായി ഉപയോഗിച്ചപ്പോള്‍, ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയവ വീഴ്ച വരുത്തി. ഈ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയതായും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

Latest