Connect with us

National

തീവ്രവാദവിരുദ്ധ നീക്കങ്ങളുടെ തത്സമയ സംപ്രേക്ഷണം നിരോധിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ ടി വി ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. തീവ്രവാദവിരുദ്ധ നീക്കവുമായി ബന്ധപ്പെട്ട് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം തേടിയ ഉപദേശത്തിലാണ് ഭീകരവിരുദ്ധ നീക്കങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യം ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തിയത്. വിവരങ്ങള്‍ ഉടനടി ചാനലുകള്‍ വഴി പുറംലോകമറിയുന്നത് ശത്രുക്കളുടെ പിടിയിലായ നിരപരാധികളുടെയും സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുടെയും ജീവന് ഭീഷണിയാകുമെന്ന് മന്ത്രാലയം നിരീക്ഷിക്കുന്നു.
മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ നടക്കുന്ന റോഡ്, പാലം, സ്‌കൂള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണം, ആശയ വിനിമയ സംവിധാനം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയും തീവ്രവാദവിരുദ്ധ നീക്കങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടും. ഇവ തത്സമയം പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തും. നേരത്തെ ആഭ്യന്തര മന്ത്രാലയം വാര്‍ത്താ വിനിമയ മന്ത്രാലയത്തോട് സംപ്രേക്ഷണം സംബന്ധിച്ച നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
മുംബൈ ഭീകരാക്രമണ സമയത്ത് എന്‍ എസ് ജി നടത്തിയ ഭീകരവിരുദ്ധ നീക്കം നേരിട്ട് സംപ്രേക്ഷണം ചെയ്തത് സേനയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം നാഷനല്‍ ബ്രോഡ്കാസ്റ്റര്‍ അസോസിയേഷന്‍ തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് സ്വകാര്യ വാര്‍ത്താവിനിമയങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മാണം നടത്തിയിരുന്നു.
എന്നാല്‍ ഇതുവരെയും ഭീകരവിരുദ്ധ നീക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഔദ്യോഗിക നിരോധം നിലവില്‍ വന്നിട്ടില്ല. മാധ്യമങ്ങള്‍ തത്‌സമയം സൈനിക നീക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കുന്നത് ഗൗരവമായി പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ മാസം വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചിരുന്നു.