Connect with us

Wayanad

കുരങ്ങ് പനി ബാധിച്ചവര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും: ജില്ലാ കലക്ടര്‍

Published

|

Last Updated

കല്‍പ്പറ്റ:ജില്ലയില്‍ കുരങ്ങ് പനി ബാധിച്ചവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണ ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ജില്ലയില്‍ കുരങ്ങ് പനി ഉള്‍പ്പെടെയുളള പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയറു വര്‍ഗ്ഗങ്ങള്‍, മുട്ട ഭക്ഷ്യ എണ്ണ, പഞ്ചസാര, പാല്‍ എന്നിവയടങ്ങുന്ന ഭക്ഷ്യ കിറ്റാണ് തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുന്നത്. വനത്തില്‍ പോകുന്നവര്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുങ്ങിയവര്‍ കുരങ്ങ് പനിക്കെതിരെയുളള പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനാവശ്യമായ വാക്‌സിനുകള്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിനുളള നടപടികളും സ്വീകരിക്കും.
കുരങ്ങ് പനി ബാധിച്ചവര്‍ക്ക് ഭക്ഷണം മരുന്നുകള്‍ എന്നിവ രോഗ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്ക് പുറമെ 200 രൂപ വീതം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദിവസങ്ങളിലും പിന്നീട് തുടര്‍ പരിചരണത്തിന് ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം 21 ദിവസവും 200 രൂപ വീതം നല്‍കും.
ആരോഗ്യ വകുപ്പ് മന്ത്രി ജില്ലയിലെ കോളനികള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സൗജന്യ ചികിത്സയ്ക്കുമായി 25 ലക്ഷം രൂപ അനുവദിച്ചത് രണ്ട് ദിവസത്തിനകം ലഭിക്കും. ഇത് ലഭിച്ചാല്‍ ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടൂതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതാ വിജയന്‍ പറഞ്ഞു.
കോളനികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടൂതല്‍ ശക്തിപ്പെടുത്തും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവൃത്തികള്‍ താല്‍കാലികമായി നിര്‍ത്തിവെയ്ക്കും. പകരം കോളനികള്‍ കേന്ദ്രീകരിച്ച് പ്രവൃത്തികള്‍ നടത്തും.
ജില്ലയില്‍ ഇതുവരെ കുരങ്ങ് പനി സംശയിക്കപ്പെടുന്നത് 53 പേര്‍ക്കാണ്.. 23 കേസുകള്‍ കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കന്ന് കാലികളെ വനത്തില്‍ മേയാന്‍ വിടുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ സൗജന്യ കാലിത്തീറ്റ വിതരണം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കും.
എ.ഡി.എം. പി.വി ഗംഗാധരന്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ് വിജയ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സ ചാക്കോ, ഡെപ്യൂട്ടി ഡി.എം.ഒ കെ.ആര്‍ വിദ്യ, ഹൂസൂര്‍ ശിരസ്ദാര്‍ പി കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Latest