Connect with us

Articles

തൂലിക പടവാളാക്കിയ ഭരണാധികാരി

Published

|

Last Updated

മഹാനായ സ്വാതന്ത്ര്യസമര സേനാനി, ഭാരതത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രി, ഭരണ തന്ത്രജ്ഞന്‍, കവി, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, ബഹുഭാഷാ പണ്ഡിതന്‍, വാഗ്മി, . . . തുടങ്ങി ഇന്ത്യാ ചരിത്രത്തില്‍ ബഹുമുഖമായ ഒട്ടേറെ അപൂര്‍വതകള്‍ നിറഞ്ഞതാണ് അബുല്‍കലാം ആസാദിന്റെ വ്യക്തിത്വം. ഒരു ദാര്‍ശികനും ഒപ്പം പോരാളിയുമായിരുന്ന ആസാദ്, തന്റെ തൂലിക പടവാളാക്കി ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ജനങ്ങളെ ഇളക്കി മറിച്ചു. അചഞ്ചലങ്ങളായ ചില തത്വങ്ങളെ എന്നും മുറുകെ പിടിച്ചിരുന്നതുകൊണ്ടും, മാതൃഭൂമിയെയും ഇന്ത്യന്‍ ജനതയേയും എന്നും അതിരറ്റ് സ്‌നേഹിച്ചിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ തൂലികയിലൂടെ ഒഴുകിവന്ന അക്ഷരങ്ങളില്‍ ആവേശം പൂണ്ട് നിരവധിപേര്‍ സ്വാതന്ത്ര്യദാഹികളായി മാറി.
അബുല്‍കലാം മുഹിയുദ്ദീന്‍ അഹമ്മദ് എന്ന ആസാദ് ജനിച്ചത് പുണ്യനഗരമായ മക്കയിലാണ്. അഫ്ഗാനിസ്ഥാനിലെ ഹെരാട്ടിയിലെ പണ്ഡിത കുടുംബത്തിലെ പഷ്തൂണ്‍ വംശജനായ മൗലാന ഖൈറുദ്ദീനാണ് പിതാവ്. അദ്ദേഹം ബംഗാളിലേക്ക് കുടിയേറി കല്‍ക്കത്തയില്‍ താമസമാക്കി. 1857 ലെ ശിപായി ലഹളയെ തുടര്‍ന്ന് മൗലാന ഖൈറുദ്ദീന്‍ ഇന്ത്യ വിടുകയും മക്കയില്‍ കുടിയേറുകയും ചെയ്തു. ഇവിടെ വെച്ച് ഖൈറുദ്ദീന്‍ അറബ് വംശജയും ഒരു പണ്ഡിതന്റെ മകളുമായ സഹിര്‍ വത്രി (ആലിയാ) യെ വിവാഹം ചെയ്തു. ഈ ദമ്പതിമാരുടെ രണ്ടാമത്തെ പുത്രനാണ് അബുല്‍കലാം. സമുന്നത ഭാഗ്യവാന്‍ എന്നര്‍ഥമുള്ള ഫിറോസ് ബാഖത് എന്ന നാമകരണം ചെയ്യപ്പെട്ട ഈ കുട്ടിയെ എല്ലാവരും വിളിച്ചുവന്നത് മുഹിയുദ്ദീന്‍ അഹമ്മദ് എന്നായിരുന്നു. 1890 മൗലാന മുഹമ്മദ് ഖൈറുദ്ദീന്‍ കുടുംബസമേതം കല്‍ക്കത്തയില്‍ തിരിച്ചെത്തി. കൗമാരം കഴിയുന്നതിനുമുമ്പു തന്നെ അബുല്‍കലാം ആസാദ് (സ്വതന്ത്രന്‍) എന്ന തൂലികാ നാമത്തില്‍ പത്രപംക്തികളില്‍ ലേഖനം എഴുതിത്തുടങ്ങിയ ഈ പ്രതിഭാശാലിയെ ലോകം അറിയുന്നത് ആ പേരില്‍ തന്നെയാണ്.
വീട്ടിലും തൊട്ടടുത്തുമുള്ള പള്ളിയിലും ആയിരുന്നു ആസാദിന്റെ വിദ്യാഭ്യാസം. ആദ്യം പിതാവും പിന്നീട് മറ്റ് മതപണ്ഡിതന്മാരുമാണ് ആസാദിനെ പഠിപ്പിച്ചത്. പേര്‍ഷ്യന്‍. ഉറുദു, അറബിക്, ഹിന്ദി എന്നീ ഭാഷകളില്‍ ആസാദ് പ്രാവീണ്യം നേടി. തത്വചിന്ത, ഗണിതശാസ്ത്രം, ശാസ്ത്രം, ലോകചരിത്രം എന്നിവ പഠിപ്പിക്കാന്‍ പ്രത്യേകം അധ്യാപകരെ നിയമിച്ചിരുന്നു. പഠനത്തില്‍ ഏറെ സമര്‍ഥനായിരുന്ന ആസാദ് 18-മത്തെ വയസ്സില്‍ നിസാമി എന്ന കോഴ്‌സ് പൂര്‍ത്തിയാക്കിയതോടെ പരമ്പരാഗത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. (ആസാദിന്റെ സമപ്രായക്കാര്‍ 25-ാം വയസ്സിലാണ് ഇത് പൂര്‍ത്തിയാക്കിയത്.) 18-ാം വയസ്സില്‍ സുലൈഖ ബീഗത്തെ വിവാഹം കഴിച്ചു. 1912-ല്‍ അബുല്‍കലാം സ്വന്തമായി ഒരു പ്രസ് വാങ്ങി, ജൂണ്‍ 1-ന് അല്‍ഹിലാല്‍ എന്ന ഉറുദു പത്രം ആരംഭിച്ചു. കുട്ടിക്കാലം തൊട്ടേ കവിത എഴുതുമായിരുന്ന അദ്ദേഹം ആസാദ് എന്ന തൂലികാ നാമത്തിലാണ് എഴുതി തുടങ്ങിയത്. 15 വയസ്സായപ്പോള്‍ തന്നെ ധാരാളം ഗസലുകള്‍ എഴുതിയിരുന്ന അദ്ദേഹം, കൗമാരകാലത്ത് തന്നെ കവിയെന്ന നിലയില്‍ ഖ്യാതി നേടി.
1914-ല്‍ അല്‍ഹിലാല്‍ നിരോധിക്കപ്പെട്ടപ്പോള്‍ അല്‍ബലാഗ് എ പേരില്‍ മറ്റൊരു പത്രം തുടങ്ങി. 1920 ജനുവരിയില്‍ ഡല്‍ഹിയില്‍ വച്ച് മഹാത്മാഗാന്ധിയെ ആദ്യമായി കണ്ടു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. നിസ്സഹകരണസമരവുമായി ബന്ധപ്പെട്ട് 1921 ഡിസംബറില്‍ ആസാദ് ജയിലിലായി. ജയില്‍ മോചിതനായ ശേഷം 1923 സെപ്തംബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തില്‍ 35-ാമത്തെ വയസ്സില്‍ അധ്യക്ഷത വഹിച്ചു. അങ്ങനെ ആസാദ് കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ആ സ്ഥാനം വഹിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണത്തിനര്‍ഹനായി. 1930-ല്‍ ഉപ്പു നിയമം ലംഘിച്ചതിന് അറസ്റ്റിലായ അദ്ദേഹം മീററ്റ് ജയിലില്‍ ഒന്നരവര്‍ഷം തടവനുഭവിച്ചു. 1940-ല്‍ രാംഗഢ് കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അധ്യക്ഷനായ അദ്ദേഹം 1946 വരെ ആ പദവിയില്‍ തുടരുകയും ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി കോണ്‍ഗ്രസ്സ് പ്രസിഡന്റായ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കുകയും ചെയ്തു. (ഏറ്റവും കൂടുതല്‍ പ്രാവശ്യം കോണ്‍ഗ്രസ്സ് പ്രസിഡന്റായ വ്യക്തി നെഹ്‌റുവാണ്.) ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് ബ്രിട്ടീഷ് ക്യാബിനറ്റ് മിഷനുമായി കോണ്‍ഗ്രസ് നടത്തിയ കൂടിയാലോചനകളുടെ നേതൃത്വം വഹിച്ചതും ആസാദായിരുന്നു.
1947 മുതല്‍ 1958 വരെ ആസാദ് വിദ്യാഭ്യാസമന്ത്രിയായി തുടര്‍ന്നെങ്കിലും ഇന്ത്യാ വിഭജനത്തിന്റെ മുറിവ് ഉണക്കാനാണ് രാഷ്ട്രം അദ്ദേഹത്തിന്റെ സമയവും ഊര്‍ജവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. ഇത് ചരിത്രം പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ്. വര്‍ഗീയ കലാപം പൊട്ടിപുറപ്പെട്ട വേളകളില്‍ മുസ്‌ലിംകളുടെ ഇന്ത്യന്‍ മുഖമായി നെഹ്‌റു അടക്കമുള്ളവര്‍ ഉയര്‍ത്തിക്കാട്ടിയത് ആസാദിനെയാണ്. മുസ്‌ലിംകളുടെ സുരക്ഷിതത്വത്തിന്റെ മുഴുവന്‍ ചുമതലയും അദ്ദേഹത്തിന്റെ ചുമലില്‍ ആയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു പുറമെ ഇത്രയും ഭാരിച്ചതും സംഘര്‍ഷഭരിതവുമായ മറ്റൊരു ദൗത്യം കൂടി അദ്ദേഹം സസന്തോഷം നിറവേറ്റുകയുണ്ടായി. സ്വതന്ത്രഭാരത്തിനനുയോജ്യമായ ഒരു വിദ്യാഭ്യാസ പ്രക്രിയക്ക് അദ്ദേഹം രൂപരേഖ തയ്യാറാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സാക്ഷരത വര്‍ധിപ്പിക്കാന്‍ ഒട്ടനവധി കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്തിന് ആവശ്യമായ തുക നീക്കിവച്ചു. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു ജി സി) സ്ഥാപിച്ചതും യൂനിവേഴിസിറ്റികള്‍ക്ക് ഭരണാധികാരങ്ങള്‍ ഉറപ്പു വരുത്തിയതും വിദ്യാഭ്യാസരംഗത്തെ മികവുറ്റ ചുവടുവയ്പുകളായിരുന്നു.
സ്വതന്ത്രഭാരതത്തിന്റെ പ്രഥമവിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ ഒട്ടനവധി മറക്കാനാകാത്ത സംഭാവനകള്‍ മൗലാന നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അദ്ദേഹം തുടക്കം കുറിച്ച മൂന്ന് ദേശീയ അക്കാദമികള്‍ – സംഗീത നാടക അക്കാദമി (1953), സാഹിത്യ അക്കാദമി (1954), ലളിതകലാ അക്കാദമി (1954) എന്നിവ. ഇതിനു മുമ്പ് തന്നെ ഭാരതത്തിന്റെ സാംസ്‌ക്കാരിക പുരോഗതി ലക്ഷ്യമാക്കി ഇന്ത്യ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും (1950) ആസാദിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുകയുണ്ടായി. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ ഐ ഐ ടികള്‍ എന്ന നൂതന ആശയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയതാണ് ആസാദിന്റെ മറ്റൊരു സംഭാവന 1951 ലാണ് ആദ്യത്തെ ഐ ഐ ടി ഖരക്പൂരില്‍ സ്ഥാപിച്ചത്. തുടര്‍ന്ന് ബോംബേ, ഡല്‍ഹി. മദ്രാസ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലും ഐ ഐ ടികള്‍ സ്ഥാപിതമായി.
മൗലാനാ ആസാദ് ഭരണഘടനാ നിര്‍മാണസമിതിയിലും പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി നെഹ്‌റുവിന്റെ വിശ്വസ്തനും ഉപദേശകനുമായ ആസാദ് ദേശീയ നയങ്ങള്‍ രൂപവത്ക്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആസാദ് നടപ്പിലാക്കി. 1952 ലും 1957 ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസാദ് നെഹ്‌റുവിന്റെ സാമ്പത്തിക-വ്യാവസായിക നയങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റുള്ളവര്‍ക്കും വേണ്ടി നയങ്ങള്‍ രൂപവത്കരിക്കുകയും ചെയ്തു. 1956 ല്‍ ഡല്‍ഹിയില്‍ നടന്ന യുനസ്‌കോ ജനറല്‍ കോണ്‍ഫ്രന്‍സില്‍ ആസാദ് അധ്യക്ഷനായിരുന്നു. 1957-ല്‍ ആസാദ് രചിച്ച India Wins Freedom എന്ന പുസ്തകത്തില്‍ സ്വാതന്ത്ര്യസമര ചരിത്രവും അതില്‍ പങ്കെടുത്ത നേതാക്കളെയും കുറിച്ച് വ്യക്തമായി വര്‍ണിക്കുന്നു. ഇത് ഉറുദുവില്‍ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഹുമയൂണ്‍ കബീറാണ്.
ഇന്ത്യന്‍ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത മഹാപ്രതിഭയാണ് മൗലാന അബുല്‍കലാം ആസാദ്. തൂലിക പടവാളാക്കിയ മൗലാനാ ആസാദിനെപ്പോലുള്ളവരെ മന:പൂര്‍വം മറക്കുകയും മറ്റു ചില നേതാക്കളെ പ്രത്യേകം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന പ്രവണത ഇക്കാലത്ത് കണ്ടു വരുന്നുണ്ട്. ഗാന്ധിക്കും നെഹ്‌റുവിനും പട്ടേലിനും ഒപ്പം നിന്ന് രാജ്യം നയിച്ച വീരദേശാഭിമാനിയാണ് മൗലാനാ ആസാദ്. ഒരു മതഭക്തന് എങ്ങനെ ഒരു നല്ല മതേതര വാദിയാകാമെന്നും ഒരു ധിഷണാശാലിക്ക് എങ്ങനെ ഒരു നല്ല പത്രപ്രവര്‍ത്തകനാകാമെന്നും ഒരു പത്രപ്രവര്‍ത്തകന് എങ്ങനെ ഒരു നല്ല ഗ്രന്ഥകാരനാകാമെന്നും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് എങ്ങനെ ഒരു നല്ല ഭരണാധികാരിയാകാമെന്നും നമുക്ക് കാണിച്ചുതന്ന അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ആസാദ്. 1992-ല്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരതരത്‌നം, മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് നല്‍കി രാഷ്ട്രം ആദരിച്ചു. 1952-ല്‍ ആ മഹത് ജീവിതത്തിന് തിരശ്ശീല വീണു.

Latest