Connect with us

Wayanad

ഗോവിന്ദ് പന്‍സാരെയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം: സി പി ഐ പ്രതിഷേധ സദസുകള്‍ നടത്തി

Published

|

Last Updated

കല്‍പറ്റ: സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറിയും മഹാരാഷ്ട്രയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായ ഗോവിന്ദ് പന്‍സാരെയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ സി പി ഐ പ്രതിഷേധ സദസുകള്‍ നടത്തി. ഈ മാസം 16ന് രാവിലെ ഭാര്യ ഉമയോടൊപ്പം മൂംബൈയിലെ ശിവജി സര്‍വകലാശാലയില്‍ പ്രഭാത സവാരിയ്ക്കിടെയാണ് അദ്ദേഹത്തിനും ഭാര്യയ്ക്കും വെടിയേറ്റത്. ബൈക്കില്‍ എത്തിയ അജ്ഞാതരാണ് വെടിയുതിര്‍ത്തതെന്ന് പറയുന്നുണ്ടെങ്കിലും പന്‍സാരെയുടെ മതേതര-ഭൗതിക നിലപാടുകള്‍ക്ക് അനുകൂലമായി മൂംബൈയില്‍ അടക്കമുണ്ടായിട്ടുള്ള സ്വീകാര്യതയില്‍ വെപ്രാളപ്പെടുന്ന മത തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് അധികൃതര്‍ക്ക് അറിയാം.. രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം അപലപിച്ച ഈ സംഭവത്തില്‍ അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര പോലീസിനായിട്ടില്ല. മൂംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പന്‍സാരെ വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. പന്‍സാരെയെ വധിച്ചതിന് പിന്നിലെ ശക്തികളെ പിടികൂടി നിയമ സംവിധാനത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മതേതര നിലപാടുള്ളവരെ ഇല്ലായ്മ ചെയ്യുന്ന പുതിയ പ്രവണത മുളയിലെ നുള്ളണമെന്നും ആവശ്യപ്പെട്ടാണ് സി പി ഐ ദേശ വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചത്. മാനന്തവാടി, പനമരം, മീനങ്ങാടി, കല്‍പറ്റ, വൈത്തിരി, തരിയോട് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും വിശദീകരണ യോഗങ്ങളും നടത്തി. കല്‍പറ്റയിലെ പ്രതിഷേധ സദസ് സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. മഹിതാ മൂര്‍ത്തി അധ്യക്ഷയായിരുന്നു. വി ജി വിജയന്‍, ടി മണി, എ ബാലചന്ദ്രന്‍ പ്രസംഗിച്ചു. അമ്മാത്ത്‌വളപ്പില്‍ കൃഷ്ണകുമാര്‍, വി യൂസഫ്, എം അപ്പൂട്ടി
തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തരിയോട് പ്രതിഷേധ പ്രകടനത്തിനും പൊതുയോഗത്തിനും വാസുദേവന്‍, ഷിബുപോള്‍, വിശ്വനാഥന്‍, മാധവന്‍,. സുഭാഷ്, പ്രജീഷ്, ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കി.

Latest