Connect with us

International

യമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദി വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടു

Published

|

Last Updated

സന്‍ആ: യമന്‍ മുന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബു മന്‍സൂര്‍ ഹാദി വീട്ടു തടങ്കലില്‍ നിന്ന് പുറത്ത് വന്നതായി റിപ്പോര്‍ട്ട്. ശിയാ ഹൂതി വിമതരില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ ശേഷം ആഴ്ചകളായി വീട്ടുതടങ്കലിലായിരുന്നു. വീട്ട് തടങ്കലില്‍ നിന്ന് പുറത്ത് വന്ന ശേഷം അദ്ദേഹം ആദനിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അദ്ദേഹം താമസിച്ചിരുന്ന സന്‍ആയിലെ വീട്ടില്‍ സൈനികരും ഹൂതി വിമതരും അരിച്ചു പെറുക്കിയതായും റിപ്പോര്‍ട്ടുണ്ട്. രാജിവെക്കാന്‍ ഹൂതി വിമതര്‍ അദ്ദേഹത്തിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.
അതിനിടെ, ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വിരുദ്ധ രാഷ്ട്രീയ ഗ്രൂപ്പുകള്‍ നടത്തുന്ന ചര്‍ച്ച നിര്‍ത്തി വെച്ചിട്ടുണ്ട്. ആദനിലേക്ക് ഹാദി രക്ഷപ്പെട്ടത് ഏറെ നിര്‍ണായകമാണെന്നും ഭാവിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് അത് നാന്ദിയായേക്കാമെന്നും യമനിലെ വാര്‍ത്തകള്‍ നിരന്തരം പുറത്ത് കൊണ്ടു വന്ന അല്‍ ജസീറ ലേഖകന്‍ ഹാശിം അഹല്‍ബേറാ പറഞ്ഞു. തുറമുഖ നഗരമായ ആദനില്‍ ഹാദിക്ക് ആയിരക്കണക്കിന് അനുയായികള്‍ ഉണ്ട്. എങ്ങനെയാണ് അദ്ദേഹം രക്ഷപ്പെട്ടത് എന്നറിയില്ല. എന്നാല്‍ അദ്ദേഹം ആദനില്‍ ആണ് എന്നത് സത്യമാണ്. ഇത് ഹൂതി വിമതര്‍ക്ക് വന്‍ തിരിച്ചടിയാണ്. കാരണം, ഹാദി കൂടുതല്‍ കാലം വീട്ട് തടങ്കലില്‍ കഴിയണമെന്നായിരുന്നു ഹൂതി വിമതര്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദനില്‍ അദ്ദേഹത്തിന് വീരോതിചമായ വരവേല്‍പ്പായിരിക്കും ലഭിക്കുക. സുന്നി വംശജന്‍ എന്ന നിലയില്‍ ആ നഗരം അദ്ദേഹത്തിന്റെ ശക്തി സ്രോതസ്സാണെന്നും അല്‍ ജസീറ ലേഖകന്‍ പറഞ്ഞു.
അതേസമയം ആരോഗ്യപരമായ കാരണങ്ങളാല്‍ രാജി വെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചേക്കാമെന്നും കൂടുതല്‍ ചികിത്സകള്‍ക്കായി സഊദി അറേബ്യയിലേക്ക് പോയേക്കാമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest