ഷാര്‍ജയില്‍ കമ്മ്യൂണിക്കേഷന്‍ ഫോറം

Posted on: February 21, 2015 8:56 pm | Last updated: February 21, 2015 at 8:56 pm

ഷാര്‍ജ: ഇന്റര്‍നാഷനല്‍ ഗവ. കമ്മ്യൂണിക്കേഷന്‍ ഫോറം(ഐ ജി സി എഫ്-2015) 22, 23 തിയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും.
വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍ എന്നിവ ഉണ്ടാകും. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിതസ്ഥിതിയില്‍ സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്കത്തിലെ പ്രത്യേകതകളാണ് സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനായ ദ് ഫ്യൂച്ചര്‍ ഓഫ് ഗവ.കമ്മ്യൂണിക്കേഷനില്‍ ചര്‍ച്ച ചെയ്യുക. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പങ്കെടുക്കും. പോര്‍ചുഗലിന്റെ ഒന്‍പതാമത്തെ പ്രധാനമന്ത്രി ജോസ് മാനുവല്‍ ബറോസൊ വിഷയം അവതരിപ്പിക്കും. നാറ്റോ യൂറോപ്പ്(2010-2014) ഡപ്യുട്ടി സുപ്രീം അലൈഡ് കമാന്‍ഡര്‍ ജനറല്‍ സര്‍ റിചാര്‍ഡ് ഷിറഫ്, ജോര്‍ദാനിയന്‍ സെനറ്റ് കൗണ്‍സിലിന്റെ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഫൈസല്‍ അല്‍ ഫായിസ്, ബി ബി സി മധ്യപൗരസ്ത്യദേശം എഡിറ്റര്‍ ജെര്‍മി ബോവന്‍ എന്നിവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ ആശയവിനിമയത്തിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഷാര്‍ജ മീഡിയാ സെന്റര്‍ ഡയറക്ടര്‍ ഒസാമ സംറ പറഞ്ഞു.
രണ്ടാമത്തെ ദിവസത്തെ രണ്ടാം സെഷനില്‍ ദ് ഫ്യൂച്ചര്‍ ഓഫ് ഡിജിറ്റല്‍ ഗവ.കമ്മ്യൂണിക്കേഷന്‍ എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുക. ഗൂഗിള്‍ ഐഡിയാസ് സ്ഥാപകനും ഡയറക്ടറുമായ ജെറെഡ് കോഹന്‍, ന്യൂസ് ഇ എം ഇ എ-ഗെറ്റി ഇമേഡസ് വൈസ് പ്രസിഡന്റ് ഹഗ് പിന്നി, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബെന്‍ ഹാമര്‍സ്‌ലി, എം ബി സി അവതാരക മുനാ അബു സുലായം പങ്കെടുക്കും. അല്‍ അറേബ്യ ന്യൂസ് ജേണലിസ്റ്റ് റിമാ മക്തബി ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
സമാപന സെഷനില്‍ സര്‍ക്കാരും പൊതുജനങ്ങളും എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുക. ദ് സ്‌പോക്‌പേഴ്‌സന്‍: ബിറ്റ്‌വീന്‍ ദ് റിയാലിറ്റി ആന്‍ഡ് ദ് ഫ്യൂച്ചര്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന ചര്‍ച്ച അല്‍ അറേബ്യ ന്യൂസ് ജനറല്‍ മാനേജര്‍ തുര്‍ക്കി അല്‍ ദാഖില്‍ നിയന്ത്രിക്കും. മൊറോക്കന്‍ ഗവ. വക്താവ് മുസ്തഫ അല്‍ ഖല്‍ഫി, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ അസി.സെക്രട്ടറി ജെയിംസ് റൂബിന്‍, മാധ്യമ വിദഗ്ധന്‍ റോബിന്‍ ഗോര്‍ഡന്‍, ഖാലിദ് ഹാസിം പങ്കെടുക്കും. ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തിലാണ് പരിപാടി.