Connect with us

Gulf

ദുബൈയില്‍ 500 താമസ യൂണിറ്റുകള്‍ കൂടി കൈമാറാന്‍ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 500 താമസ യൂണിറ്റുകള്‍ നിക്ഷേപകര്‍ക്കായി കൈമാറാന്‍ ഒരുങ്ങുന്നതായി നിര്‍മാണ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് നിര്‍മാണ കമ്പനികളാണ് ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ജുമൈറ വില്ലേജ് സര്‍ക്കിളില്‍ ഷമാല്‍ ടെറസ് ഫെയ്‌സ് 2 വില്‍ ഉള്‍പെട്ട താമസ കേന്ദ്രങ്ങളും ഇതില്‍ ഉള്‍പെടും. ലൂത്ത റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനിയാണ് ഇവ പണിയുന്നത്. മെയ് മുതല്‍ താമസ യൂണിറ്റുകള്‍ കൈമാറിത്തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. ഇതിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പെടുത്തിയിരിക്കുന്ന 45 വില്ലകളുടെയും 300 അപാര്‍ട്‌മെന്റുകളുടെയും കൈമാറ്റം അടുത്ത ജുലൈയോടെ പൂര്‍ത്തീകരിക്കും. ഇതിനായി പുതുവത്സരത്തിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ലൂത്ത റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാലിഹ് അബ്ദുല്ല ലൂത്ത വെളിപ്പെടുത്തി. കമ്പനി ഇപ്പോള്‍ ജുമൈറ വില്ലേജിലെ ഷമാല്‍ റെസിഡന്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1,024 താമസ യൂണിറ്റുകള്‍ ഉള്‍പെട്ടതാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ദുബൈലാന്റില്‍ 150 വില്ലകളുടെ നിര്‍മാണം പൂര്‍ത്തിയായതായും ഉടന്‍ നിക്ഷേപകര്‍ക്ക് കൈമാറുമെന്നും റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തംനിയാത്ത് ഗ്ലോബല്‍ അധികൃതരും വ്യക്തമാക്കി. ലിവിംഗ് ലെജന്റെന്നാണ് പാര്‍പിട പദ്ധതിക്ക് പേര്‍ നല്‍കിയിരിക്കുന്നത്. 2016 ആവുമ്പോഴേക്കും ഇതോട് ചേര്‍ന്ന് ഷോപ്പിംഗ് മാളും ബ്യൂട്ടിക് ഹോട്ടലും ഉള്‍പെട്ട പദ്ധതിയും യാഥാര്‍ഥ്യമാക്കുമെന്നും കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.