നളന്ദ സര്‍വകലാശാലാ വി സി പദവി ഒഴിയുമെന്ന് അമര്‍ത്യാ സെന്‍

Posted on: February 21, 2015 5:27 am | Last updated: February 20, 2015 at 11:29 pm

ന്യൂഡല്‍ഹി: നളന്ദ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഒഴിയുന്നതായി നൊബേല്‍ സമ്മാന ജേതാവ് കൂടിയായ അമര്‍ത്യാ സെന്‍ അറിയിച്ചു. താന്‍ ഈ സ്ഥാനത്ത് തുടരുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് താത്പര്യമില്ലാത്തതുകൊണ്ടാണ് ഈ വര്‍ഷം ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ വൈസ് ചാന്‍സലര്‍ പദവി ഒഴിയുന്നത്. രണ്ടാം വട്ടം കൂടി ഈ പദവിയിലിരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും സര്‍വകലാശാലയുടെ ഭരണസമിതിക്ക് എഴുതിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. രണ്ടാം വട്ടവും തന്നെ വൈസ് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നതിനുള്ള ശിപാര്‍ശ നിരീക്ഷണാധികാരികൂടിയായ രാഷ്ട്രപതി സര്‍ക്കാറിന് നല്‍കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അതിന്മേല്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് തന്നോടുള്ള താത്പര്യമില്ലായ്മായാണെന്നും മോദിയുടെ വിമര്‍ശകന്‍ കൂടിയായ അമര്‍ത്യാ സെന്‍ കത്തില്‍ സൂചിപ്പിക്കുന്നു.
തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വരുന്ന കാലതാമസവും അവ്യവസ്ഥയും സര്‍വകലാശാലയുടെ മുന്നോട്ടുപോക്കിനും അക്കാദമിക വളര്‍ച്ചക്കും ഗുണം ചെയ്യില്ല. അതുകൊണ്ടാണ് സര്‍വകലാശാലയുടെ നന്മയെ പ്രതി താന്‍ വൈസ് ചാന്‍സലര്‍ പദവി സ്വയം ഒഴിയുന്നത്.
ഭരണസമിതിയില്‍ ഏകകണ്ഠമായ തീരുമാനം ഉണ്ടായാലും സര്‍ക്കാറിന്റെ അംഗീകാരം കിട്ടിയാല്‍ മാത്രമേ രാഷ്ട്രപതിയുടെ ശിപാര്‍ശ നടപ്പിലാകുകയുള്ളു. നളന്ദ സര്‍വകാലാശാലയുടെ വളര്‍ച്ചയെ കരുതി രാഷ്ട്രപതി തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പ്രത്യേക താത്പര്യമെടുക്കുന്നുണ്ട്. സെന്നിനെ വൈസ് ചാന്‍സലറായി തുടരുന്നതിന് അനുവദിച്ചുകൊണ്ടുള്ള ബോര്‍ഡ് തീരുമാനം ജനുവരി 13, 14 തീയതികളില്‍ നടന്ന യോഗത്തിലാണ് കൈക്കൊണ്ടത്. ഭരിക്കുന്ന കക്ഷിയുടെ താത്പര്യങ്ങളില്‍ ഒതുങ്ങിപ്പോവുകയാണ് അക്കാദമികരംഗമെന്നും ഭാരതരത്‌ന ജേതാവ് കൂടിയായ അമര്‍ത്യാ സെന്‍ കത്തില്‍ പറയുന്നു.
നളന്ദ സര്‍വകലാശാല ആക്ട് പാര്‍ലിമെന്റ് പാസ്സാക്കിയിട്ടും അക്കാദമിക കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ തുടരുകയാണ്. പൗരാണിക കാലത്തെ സര്‍വകലാശാലയുടെ പുനര്‍നിര്‍മാണ കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്വബോധമുള്ള താന്‍ അതിയായ ഹൃദയ വേദനയോടുകൂടിയാണ് ഈ കത്തെഴുതുന്നതെന്നും സെന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയെ ബി ജെ പിയുടെ പ്രധാമനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതു മുതല്‍ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു അമര്‍ത്യാ സെന്‍.