Connect with us

Gulf

അബുദാബി ഭക്ഷ്യോത്സവം: തെരുവു സദ്യ മുഖ്യ ശ്രദ്ധാകേന്ദ്രം

Published

|

Last Updated

അബുദാബി: ടി സി എ(ടുറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റി) യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അബുദാബി ഭക്ഷ്യോത്സവത്തിന്റെ ഭാഗമായ തെരുവു സദ്യയിലേക്ക് സന്ദര്‍ശക പ്രവാഹം. ജി സി സി മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സ്ട്രീറ്റ് ഫീസ്റ്റ് സംഘടിപ്പിക്കുന്നത്. ഫുഡ്‌ഫെസ്റ്റിവലിന്റെ ഭാഗമായാണ് അല്‍ ഗാര്‍ബിയയിലും അല്‍ ഐനിലും ഇത്തരത്തില്‍ ഒരു പുതു പരീക്ഷണം സംഘടിപ്പിച്ചത്. തദ്ദേശീയവും രാജ്യാന്തര കമ്പനികളുടെയും വാഹനങ്ങളാണ് ഇതിനായി അണിനിരന്നത്.
ആഴ്ച അവധി ദിനമായ നാളെ അബുദാബി കോര്‍ണിഷിലും തെരുവു സദ്യ ഒരുക്കുന്നുണ്ട്. തട്ടുകടകളുടെ മാതൃകയില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനങ്ങളാണ് ഭക്ഷണങ്ങളുമായി റോഡരുകില്‍ തമ്പടിക്കുക. അബുദാബി നിവാസികള്‍ക്ക് ഇത്തരം ഭക്ഷ്യ സംസ്‌കാരം പുതുമയുള്ളതായതിനാല്‍ ആഴ്ച അവധി ദിനമായ ഇന്നും നാളെയും വൈകുന്നേരങ്ങളില്‍ വന്‍ ജനപ്രവാഹത്തെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു ആഴ്ചകളിലെ അവധി ദിനങ്ങളിലായിരുന്നു അല്‍ ഐനിലും അല്‍ ഗര്‍ബിയയിലും അബുദാബി ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി തെരുവു സദ്യ സംഘടിപ്പിച്ചത്. ഇതേ വാഹനങ്ങളാണ് തലസ്ഥാനത്തേക്കും എത്തിയിരിക്കുന്നത്. പോപ്്-അപ് റെസ്റ്റോറന്റുകളും തട്ടുകട വാഹനങ്ങളും 20 ദിര്‍ഹം മുതല്‍ 50 ദിര്‍ഹം വരെയാണ് വിവിധ ഭക്ഷണങ്ങള്‍ക്കായി ഈടാക്കുന്നത്.
അബുദാബിയില്‍ കച്ചവടം പൊടിപൊടിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മൂന്നു ദിവസം അല്‍ ഐനില്‍ നടന്ന തെരുവു സദ്യയിലേക്ക് 15,000 ല്‍ അധികം തീറ്റപ്രിയരാണ് ഒഴുകിയെത്തിയത്. തെരുവുസദ്യയുടെ ഭാഗമായി വിവിധ ദേശത്തിന്റെ വിഭവങ്ങള്‍ കിച്ചണ്‍ കാരവനുകളുടെ സഹായത്തോടെയാണ് റോഡരുകില്‍ നിന്നു ആവശ്യക്കാര്‍ക്കായി ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യുന്നത്.
അബുദാബി ഫുഡ് ഫെസ്റ്റിവല്‍ ഈ മാസം അഞ്ചിനാണ് തുടക്കമായത്. നാളെ(ശനി) അവസാനിക്കും. ഭക്ഷ്യമേളയുടെ ഭാഗമായി തലസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മാളുകളിലും പ്രത്യേക പ്രൊമോഷന്‍ പരിപാടികളും അരങ്ങേറുന്നുണ്ട്. 2009ല്‍ ആരംഭിച്ച അബുദാബി ഭക്ഷ്യമേളക്ക് ഓരോ വര്‍ഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടി സി എ ടൂറിസം ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ദാഹിരി വ്യക്തമാക്കി. കൂടുതല്‍ ആളുകളിലേക്ക് ഫുഡ് ഫെസ്റ്റിവലിന്റെ സന്ദേശം എത്തിക്കാനാണ് ശ്രമിച്ചുവരുന്നത്. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനും സ്വദേശി അതിഥി സത്ക്കാരത്തിന്റെ ഊഷ്മളത വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് എത്തിക്കാനുമാണ് ഫുഡ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്.
ഇമറാത്തി കിച്ചണ്‍ എന്ന പേരില്‍ തനത് ഭക്ഷ്യവിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടിയും ഫെസ്റ്റിവലിന്റെ ആദ്യ ദിവസങ്ങളില്‍ നടത്തിയിരുന്നു. മേളയോടനുബന്ധിച്ച് രാജ്യത്തെ ഭക്ഷ്യമേളയുടെ വിളംബരമെന്ന നിലയില്‍ അല്‍ ഐന്‍, അല്‍ ഗര്‍ബിയ, തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവു സദ്യ സംഘടിപ്പിക്കുമെന്ന് ആദ്യമേ സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യമേളയിലൂടെ സ്വദേശികള്‍ക്കിടയിലെ അടുപ്പവും സഹകരണവും കൂടുതല്‍ ദൃഢമാക്കാനാണ് ലക്ഷ്യമിടുന്നതെന്നു സംഘാടകര്‍ വിശദീകരിച്ചു. ഇത് ഏറെക്കുറെ വിജയിച്ചിരിക്കയാണ്.
ഭക്ഷണങ്ങളുമായി അണിനിരന്ന ലോറികളില്‍ 10 എണ്ണം എത്തിയത് യു കെയില്‍ നിന്നായിരുന്നു. ഡാന്‍ ഷെര്‍മാന്‍ എന്ന ഹോം കുക്ക് കമ്പനിയുടേതായിരുന്നു ഈ വാഹനങ്ങള്‍. യു എ ഇയിലേക്ക് ഷെര്‍മാന്‍ മുഖ്യമായും എത്തിച്ചിരിക്കുന്നത് മൂന്നു വിഭാഗത്തില്‍ ഉള്‍പെട്ട ബ്രാക്കോസ് ഭക്ഷ്യവസ്തുക്കളാണ്. ഹലൂമി ചീസ്, സ്‌ലോ കുക്ക്ഡ് വഗ്‌യു ബീഫ് ചെക്ക്, ബീഫ് ടങ്ക് എന്നിവയാണിവ. ലാംബ് കട്ട്‌ലെറ്റുകളും ഡൊണോഷ്യ സോഷ്യല്‍ ക്ലബ്ബിന്റെ കാപ്പെര്‍ ബട്ടറുമെല്ലാം ഇവിടെ രുചിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest