Connect with us

Gulf

ദുബൈ അക്വേറിയത്തിലെ കൂറ്റന്‍ മുതല പിതാവാകുന്നു

Published

|

Last Updated

ദുബൈ; ദുബൈ അക്വേറിയം ആന്റ് അണ്ടര്‍ വാട്ടര്‍ സൂവിലെ കൂറ്റന്‍ മുതലയും ഇരുപത് വര്‍ഷമായി കൂടെയുള്ള “റാണിയും” കുടുംബം വിപുലീകരിക്കാനുള്ള ശ്രമത്തില്‍. റാണി 59 മുട്ടയിട്ടതായി ദുബൈ മാളിലെ അക്വേറിയം സി ഇ ഒ മൈത്ത അല്‍ ദാസരി അറിയിച്ചു.
മുട്ട കേടുവരാതിരിക്കാന്‍ ഇന്‍ക്യുബേറ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂറ്റന്‍ മുതലയെയും റാണിയെയും 2014 ജൂണിലാണ് ആസ്‌ത്രേലിയയില്‍ നിന്ന് ദുബൈയില്‍ കൊണ്ടുവന്നത്. 40 വയസാണ് ആണ്‍മുതലക്ക്. അതേസമയം റാണിക്ക് 80 വയസുണ്ട്.
പ്രജനന സാധ്യതയുണ്ടെന്ന് കണ്ടപ്പോള്‍ വെള്ളത്തിനടിയില്‍ വലിയ കൂടൊരുക്കിയിരുന്നു. ഇന്‍ക്യുബേറ്ററിലുള്ള മുട്ടകളെ ദിവസം തികയുമ്പോള്‍ കൂട്ടിലേക്ക് മാറ്റും. മുട്ടവിരിയുമ്പോള്‍ കുഞ്ഞുമുതലകള്‍ക്ക് പ്രത്യേക പരിചരണം ലഭിക്കും.
ലോകത്തിലെ ഏറ്റവും വലുപ്പമുള്ള മുതലകളിലൊന്നാണ് ദുബൈ അക്വേറിയത്തിലുള്ളത്. ധാരാളം ആളുകള്‍ ഇവയെ കാണാനെത്താറുണ്ട്. കുഞ്ഞുമുതലകള്‍ക്ക് 30 സെന്റീമീറ്റര്‍ നീളവും 70 ഗ്രാം തൂക്കവുമാണ് ഉണ്ടാകാറ്. ഇവയെ കാണാനും ധാരാളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ.
ആണ്‍ മുതലക്ക് 750 കിലോ ഭാരവും 5.1 മീറ്റര്‍ നീളവുമുണ്ട്. ഇനിയും 50 വര്‍ഷം ജീവിക്കുമെന്നും ഭാരം ഇരട്ടിക്കുമെന്നുമാണ് നിഗമനം.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്താണ് മുതല മുട്ടയിടാറുള്ളത്. 40 മുതല്‍ 60 വരെ മുട്ടയിടും. ആണ്‍മുതല കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കും. പെണ്‍മുതല കൂടൊരുക്കും. 80 ദിവസം കൊണ്ടാണ് മുട്ടവിരിയുക. കുഞ്ഞുമുതലകള്‍ക്ക് കുഞ്ഞു മത്സ്യങ്ങളാണ് വിഭവം. ഇമാര്‍ റീട്ടെയില്‍ വിഭാഗമാണ് അക്വേറിയത്തിന്റെ നടത്തിപ്പുകാര്‍.