Connect with us

Gulf

യു എ ഇ തോറ്റെങ്കിലും കൃഷ്ണ ചന്ദ്രന്‍ തിളങ്ങി

Published

|

Last Updated

ദുബൈ: ലോകകപ്പ് ക്രിക്കറ്റില്‍ സിംബാബ്‌വേയോട് യു എ ഇ പൊരുതി തോല്‍ക്കുമ്പോഴും യു എ ഇയുടെ മലയാളി താരം കൃഷ്ണ ചന്ദ്രന്റെ പ്രകടനം ശ്രദ്ധേയമായി. നിര്‍ണായകമായ 34 റണ്‍സും ഒരു വിക്കറ്റും കൃഷ്ണ ചന്ദ്രന്‍ സ്വന്തമാക്കി.
ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീശാന്തിനു ശേഷം ആദ്യമായാണ് ഒരു മലയാളി എത്തിയത്. പാലക്കാട് കൊല്ലങ്കോട് കാരാട്ടെ രവീന്ദ്രനാഥിന്റെയും ശോഭയുടെയും മകനാണ് ഓള്‍റൗണ്ടറായ കൃഷ്ണ ചന്ദ്രന്‍.
യു എ ഇയുടെ ഒരു വിക്കറ്റ് പെട്ടെന്ന് നഷ്ടമായ അവസരത്തില്‍ പിടിച്ചു നിന്ന് 63 പന്തുകളില്‍ നിന്ന് 34 റണ്‍സാണ് നേടിയത്. മത്സരത്തില്‍ യു എ ഇ നാലുവിക്കറ്റിനു തോറ്റു.
ഇന്ത്യന്‍ ടീം എന്ന സ്വപ്‌നം നാട്ടില്‍ ഉപേക്ഷിച്ചു ദുബൈയിക്കു വിമാനം കയറുകയായിരുന്നു. എങ്കിലും ക്രിക്കറ്റ് ജീവിതത്തില്‍ നിറഞ്ഞുനിന്നു. ആ യാത്രയാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുഎഇ ദേശീയ ടീം വരെ എത്തിച്ചത്. യുഎഇ ടീമിലെ ആദ്യമലയാളിയാണ് കൃഷ്ണ ചന്ദ്രന്‍.
കേരളത്തിനു വേണ്ടി 2004-2005 വര്‍ഷം രഞ്ജി കളിച്ചിട്ടുള്ള കൃഷ്ണ ചന്ദ്രന്‍ ദുബൈയില്‍ ഗ്ലോബല്‍ വെസ്റ്റ് ഷിപ്പിങ് കമ്പനിയിലാണ് ജോലിക്കെത്തിയത്. ഉദ്യോഗസ്ഥനും കമ്പനി ടീമിന്റെ മുഖ്യകളിക്കാരനുമായി തിളങ്ങിയ യുവാവ് പിന്നീട് ഡിബി ഷെങ്കര്‍ എന്ന കമ്പനിയില്‍ ചേര്‍ന്നു. ഫെനറ്റിക്‌സ് എന്ന ടീമില്‍ കളിക്കാന്‍ തുടങ്ങിയതോടെ യു എ ഇയില്‍ നടക്കുന്ന ഒട്ടുമിക്ക ക്രിക്കറ്റ് ടൂര്‍ണമെന്റിലും സ്ഥിരം സാന്നിധ്യമായി.
കെ സി എല്‍, കെ പി എല്‍ ടൂര്‍ണമെന്റുകളില്‍ തൃശൂര്‍, പാലക്കാട് ടീമിന്റെ ക്യാപ്റ്റനായി. തൃശൂര്‍ കഴിഞ്ഞ വര്‍ഷം കെ സി എല്‍ ചാംപ്യന്‍മാരായപ്പോള്‍ ക്യാപ്റ്റനായിരുന്നു. 2012ല്‍ കെ പി എല്ലില്‍ പാലക്കാട് ചാംപ്യന്‍മാരായപ്പോഴും ക്യാപ്റ്റന്‍. എമിറേറ്റ്‌സിന്റെ ഡെനാറ്റ കാര്‍ഗോയില്‍ ജോലിക്കെത്തിയതോടെ 2013ല്‍ എമിറേറ്റ്‌സ് ടീമിന്റെ വൈസ് ക്യാപ്റ്റനായി. ഇതിനിടെ, ബെസ്റ്റ് ക്രിക്കറ്റര്‍ അവാര്‍ഡും സ്വന്തമാക്കി.
കൃഷ്ണ ചന്ദ്രനെ കൂടാതെ, ഗോവ സ്വദേശിയായ സ്വപ്‌നില്‍ പാട്ടീലും യു എ ഇ ടീമിലുണ്ട്.