Connect with us

Malappuram

മുണ്ടേരി വിത്ത്കൃഷി തോട്ടം തൊഴിലാളി നിയമനത്തില്‍ വന്‍ അഴിമതിക്ക് നീക്കം

Published

|

Last Updated

എടക്കര: മുണ്ടേരി വിത്ത്കൃഷിതോട്ടത്തില്‍ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതിക്ക് നീക്കം നടക്കുന്നു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കാഷ്വല്‍ തൊഴിലാളികളെ നിയമിക്കാനാണ് കഴിഞ്ഞ എല്‍ ഡി എഫ് ഗവണ്‍മെന്റ് ഭരണത്തിന്റെ അവാനഘട്ടത്തില്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിയമന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തൊഴിലാളി സംഘടനകളുടെ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ നിയമനം നടത്താന്‍ തീരുമാനമായിട്ടുള്ളത്. ഈ നിയമനത്തിലാണ് ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുങ്ങുന്നത്. നിലമ്പൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 40 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ ലിസ്റ്റാണ് എല്ലാ സംവരണ മാനദണ്ഡങ്ങളും പാലിച്ച് തയ്യാറാക്കാന്‍ നിര്‍ദേശിച്ചത്. ഈ ലിസ്റ്റില്‍ നിന്ന് നടത്തുന്ന മാനദണ്ഡങ്ങള്‍ക്കാണ് ചുരുങ്ങിയത് ഒരു ലക്ഷം രൂപ വീതം ഉദ്യോഗാര്‍ഥികളില്‍ നിന്ന് യു ഡി എഫിലെ രണ്ട് ഘടകകക്ഷികളുടെ നേതാക്കള്‍ ആവശ്യപ്പെടുന്നത്.
302 പുരുഷ തൊഴിലാളികളും 54 സ്ത്രീ തൊഴിലാളികളുമാണ് മൊത്തം ജോലിക്കാരായി ആവശ്യമുള്ളത്. നിലവില്‍ 68 പുരുഷ തൊഴിലാളികളും 54 സ്ത്രീ തൊഴിലാളികളുമാണ് മൊത്തം ജോലിക്കാരായി ആവശ്യമുള്ളത്. നിലവില്‍ 68 പുരുഷ തൊഴിലാളികളും 37 സ്ത്രീ തൊഴിലാളികളുമടക്കം 105 തൊഴിലാളികള്‍ മാത്രമാണ് തൊഴിലെടുക്കുന്നത്. 234 പുരുഷന്‍മാരും 17 സ്ത്രീകളുമടക്കം 251 ജോലിക്കാരുടെ ഒഴിവാണ് നിലവിലുള്ളത്.
മുണ്ടേരി വിത്ത്കൃഷിതോട്ടത്തിലെ കാഷ്വല്‍ തൊഴിലാളികളുടെ നിയമനം മുന്‍ഗണനാ മാനദണ്ഡം പാലിച്ചും സത്യസന്ധവും സുതാര്യവുമായ രീതിയില്‍ നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്കും നിയമ നടപടികള്‍ക്കും നേതൃത്വം നല്‍കുമെന്ന് സി പി എം ഏരിയാ കമ്മിറ്റി യോഗം അറിയിച്ചു. ടി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം ആര്‍ ജയചന്ദ്രന്‍, എം സ്വരാജ്, പി കെ സൈനബ പ്രസംഗിച്ചു.