Connect with us

Ongoing News

പി എസ് സി സെക്രട്ടറി നിയമനം: സര്‍ക്കാര്‍ വിശദീകരണവും ഗവര്‍ണര്‍ തള്ളി

Published

|

Last Updated

തിരുവനന്തപുരം; അഡീഷനല്‍ സെക്രട്ടറിയും പരീക്ഷാ കണ്‍ട്രോളറുമായ സാജു ജോര്‍ജിനെ പി എസ് സി സെക്രട്ടറിയായി നിയമിച്ചത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍. ആവശ്യമായ രേഖകള്‍ നല്‍കിയില്ലെന്നും വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് രാജ്ഭവന്‍ ഫയല്‍ മടക്കി. സാജു ജോര്‍ജിനെ നിയമിക്കണമെന്ന ശിപാര്‍ശ മടക്കിയാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നത്.

സാജു ജോര്‍ജ് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നോ, നിയമനം സംബന്ധിച്ച പൂര്‍ണമായ ഫയല്‍, സംവരണം സംബന്ധിച്ച വിവാദ സര്‍ക്കുലറിന്‍മേല്‍ സ്വീകരിച്ച നടപടികള്‍, സാജു ജോര്‍ജിന്റെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയിലാണ് ഗവര്‍ണര്‍ വിശദാംശങ്ങള്‍ തേടിയിരുന്നത്.
എന്നാല്‍, രേഖകളുടെ പിന്‍ബലമില്ലാതെയുള്ള വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചെന്നാണ് സൂചന. ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സാജു ജോര്‍ജിനെ പി എസ് സി സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍, നിയമനം അംഗീകരിക്കാതെ സര്‍ക്കാറിനോട് വിശദീകരണമാരാഞ്ഞ് ഗവര്‍ണര്‍ ഫയല്‍ മടക്കുകയായിരുന്നു. സംവരണ വിഭാഗത്തില്‍ സാജു ജോര്‍ജ് നിയമനം തേടിയതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതോടെ ഗവര്‍ണര്‍ ഫയല്‍ മടക്കിയത്. സാജു ജോര്‍ജ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ സെക്ഷന്‍ ഓഫിസറായാണ് പി എസ് സിയിലെത്തുന്നത്. സാജു ജോര്‍ജിന്റെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ ജാതി സി എസ് ഐ ക്രിസ്ത്യനെന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, ജാതി സര്‍ട്ടിഫിക്കറ്റില്‍ മലയരയന്‍ ക്രിസ്റ്റ്യനെന്നാണ് എഴുതിയിരിക്കുന്നത്. അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ലെന്നും നിയമനം ലഭിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് ജാതി മാറിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നുമാണ് പി എസ് സിയുടെ വിശദീകരണം. ഗവര്‍ണറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പി എസ് സിയോട് വിശദീകരണം ആരാഞ്ഞപ്പോഴും സാജു ജോര്‍ജിനെ പി എസ് സി സെക്രട്ടറിയാക്കുന്നതിനോട് ചെയര്‍മാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
സാജു ജോര്‍ജിനെ താത്കാലിക സെക്രട്ടറിയെങ്കിലും ആക്കണമെന്ന പി എസ് സി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയര്‍മാന്‍ അംഗീകരിച്ചിരുന്നില്ല. സാജു ജോര്‍ജ് തന്നെ പി എസ് സി സെക്രട്ടറിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.