ഇസ്‌റാഈല്‍ കമ്പനിയുമായി സഹകരിച്ച് കല്യാണി ഗ്രൂപ്പ് സംയുക്ത സംരംഭത്തിന്

Posted on: February 20, 2015 12:30 am | Last updated: February 19, 2015 at 11:30 pm

ബെംഗളൂരു: ഇസ്‌റാഈലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റവുമായി ചേര്‍ന്ന് കല്യാണി ഗ്രൂപ്പ് സംയുക്ത സംരംഭം ആരംഭിക്കുന്നു. ഇന്ത്യ ആസ്ഥാനമായിട്ടായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക.
‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന സര്‍ക്കാറിന്റെ നയത്തിനനുസരിച്ചാണ് പുതിയ സംരംഭം. ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതിന്റെ വികസനവും ഉത്പാദനവും നടത്തും. ഈ സംരംഭത്തിലെ പങ്കാളിത്തം 51; 49 ആയിരിക്കും. പുതിയ എഫ് ഡി ഐ(നേരിട്ടുള്ള വിദേശ നിക്ഷേപം) മാനദണ്ഡമനുസരിച്ച് കല്യാണി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനമായിരിക്കുമെന്ന് കല്യാണി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബാബ കല്യാണി അറിയിച്ചു.
പ്രതിരോധ രംഗത്തെ എഫ് ഡി ഐ പരിധി 49 ശതമാനമാക്കി ഇയ്യിടെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡമനുസരിച്ച് രാജ്യത്ത് നിലവില്‍വരുന്ന ആദ്യ സംയുക്ത സംരംഭമാണ് ഇതെന്ന് അദ്ദേഹം അവകാശപ്പെട്ടു.