Connect with us

International

ഇസിലിനെതിരെയുള്ള 'അവയവക്കൊയ്ത്ത്' ആരോപണം യു എന്‍ അന്വേഷിക്കും

Published

|

Last Updated

ന്യൂയോര്‍ക്ക്: പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സമാഹരിക്കാന്‍ ഇസില്‍ “അവയവക്കൊയ്ത്ത്” നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് ഐക്യരാഷ്ട്ര സഭ അന്വേഷിച്ചേക്കും. അക്രമങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇസില്‍ തീവ്രവാദികള്‍ മൃതദേഹങ്ങളുടെ അവയവങ്ങള്‍ സമാഹരിച്ച് കടത്തുന്നതായി സി എന്‍ എന്‍ ചാനലാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
“അവയവക്കൊയ്ത്ത്” നടത്തുന്നതായുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇറാഖ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ കിഡ്‌നിയും മറ്റ് അവയവങ്ങളും നഷ്ടപ്പെട്ടതും അംഗവിച്ഛേദനം ചെയ്യപ്പെട്ടതുമായ മൃതദേഹങ്ങള്‍ ആഴം കുറഞ്ഞ ശ്മശാനങ്ങളില്‍ കണ്ടെത്തിയതായി ഇറാഖിന്റെ യു എന്‍ സ്ഥാനപതി മുഹമ്മദ് അല്‍ ഹഖീനെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.
കിഡ്‌നിയുടെ നേരെ പിന്‍ഭാഗത്ത് ദ്വാരമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനപ്പുറവും അവര്‍ ചെയ്യുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
“എല്ലാ മാനുഷിക മൂല്യങ്ങളെയും അവമതിക്കുകയാണ് ഈ തീവ്രവാദികള്‍. ഇറാഖ് ജനതക്കെതിരെ നിന്ദ്യമായ ക്രിമിനല്‍ ഭീകര പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്.” അബ്ദുല്‍ ഹഖീം പറഞ്ഞു. “അവയവക്കൊയ്ത്തിന് സഹായിക്കാത്ത 12 ഡോക്ടര്‍മാരെ മൊസൂളില്‍ കൊലപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.