പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മന്ത്രി തടഞ്ഞു: ജനപ്രതിനിധികള്‍ ധര്‍ണ തുടങ്ങി

Posted on: February 19, 2015 10:57 am | Last updated: February 19, 2015 at 10:57 am

പാലക്കാട് : കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംസ്ഥാനം മന്ത്രി ഇടപെട്ട് മരവിപ്പിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണ തുടങ്ങി. ട്രോഫിയും പത്ത്‌ലക്ഷം രൂപയുമാണ് അവാര്‍ഡ്തുക.
ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ അവാര്‍ഡ് വാങ്ങാന്‍ പാലക്കാട്ട് ഇന്നലെ എത്തിയപ്പോഴാണ് മരവിപ്പിച്ച വിവരം അറിയുന്നത്. ഇതേതുടര്‍ന്ന് ഭരണസമിതി അംഗങ്ങള്‍ പഞ്ചായത്ത് ദിനാഘോഷ വേദിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രാഷ്ട്രീയമുതലെടുപ്പിന് കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞമ്മദ് പറഞ്ഞു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് കാണിച്ച് പേരാമ്പ്ര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി ഗ്രാമവികസനമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കെ സി ജോസഫ് അവാര്‍ഡ് മരവിപ്പിച്ചത്. എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്ന് മന്ത്രിതന്നെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അത് കണക്കിലെടുക്കാതെയാണ് അവാര്‍ഡ് തടഞ്ഞിരിക്കുന്നത്.
2012ല്‍ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട പേരാമ്പ്രക്ക് കഴിഞ്ഞ രണ്ടുവര്‍ഷം തുടര്‍ച്ചയായി സ്വരാജ് ട്രോഫിയും ലഭിച്ചിട്ടുണ്ട്. 2002, 2003 വര്‍ഷത്തിലും പുരസ്‌കാരം ലഭിച്ചിട്ടിരുന്നു. പാലക്കാട്ട് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ രണ്ടാം ദിവസമായ ഇന്നാ(വ്യാഴാഴ്ച)ണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്യേണ്ടത്. പേരാമ്പ്രക്ക് മൂന്നാം സ്ഥാനം ലഭിച്ചതായി അറിയിപ്പും ലഭിച്ചരുന്നു. ഇതുപ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ ബുധനാഴ്ച പഞ്ചായത്ത്ദിനാഘോഷം നടക്കുന്ന പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ എത്തിയപ്പോഴാണ് അവാര്‍ഡ് മരവിപ്പിച്ച വിവരം അറിയുന്നത്.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതിവിഹിതം ചെലവഴിച്ചതിന് നല്‍കുന്ന രേഖകളെ അടിസ്ഥാനമാക്കിയാണ് മികച്ച പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നത്. ഒരു വ്യക്തി നല്‍കിയ പരാതിയുടെ പേരില്‍ പ്രഖ്യാപിച്ച അവാര്‍ഡ് മരവിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
പ്രതിഷേധസമരത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞമ്മദിന് പുറമെ വൈസ് പ്രസിഡന്റ് ഇ ടി പത്മിനി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ കുമാരന്‍, കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്യായനി, നാരായണന്‍ മാസ്റ്റര്‍, ഷാജി, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ അനശ്ചിതകാല ധര്‍ണയില്‍ പങ്കെടുക്കുന്നു.
ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെ ഇടതുപക്ഷ ജനപ്രതിനിധികളും ധര്‍ണ്ണയില്‍ പങ്കാളികളാകാനെത്തുമെന്ന് കുഞ്ഞമ്മദ് അറിയിച്ചു.