വയനാട്-തമിഴ്‌നാട് വനാതിര്‍ത്തിയിലെ നാട്ടുകാരുടെ ആശങ്കകള്‍ക്ക് വിരാമം

Posted on: February 19, 2015 10:48 am | Last updated: February 19, 2015 at 10:48 am

കല്‍പ്പറ്റ: ഒടുവില്‍ വനാതിര്‍ത്തിയിലെ നാട്ടുകാരുടെ ആശങ്കകള്‍ക്ക് വിരാമമായി.ഒരാാഴ്ചയോളമായി നാട്ടുകാരെ കിടുകിടാ വിറപ്പിച്ച കടുവയെ തമിഴ്‌നാട് വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സംഘമാണ് വെടിവെച്ച് കൊന്നത്. ഇതോടെ ഒരാഴ്ചയിലേറെയായി വയനാട്-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ആയിരക്കണക്കില്‍ കുടുംബങ്ങളുടെ ഭയാശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായി.
വയനാട് വന്യജീവികേന്ദ്രത്തിന്റെ തുടര്‍ച്ചയായി കിടക്കുന്ന തമിഴ്‌നാട് അതിര്‍ത്തിയിലെ ബെണ്ണ വനത്തോട് ചേര്‍ന്ന പെരുമ്പിള്ളിയിലെ തേയില തോട്ടത്തില്‍ വെച്ച് തമിഴ്‌നാട് വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സേന ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കടുവക്ക് നേരെ വെടിയുതിര്‍ത്തത്. ഉള്‍ക്കാട്ടില്‍ നിന്ന് വനാതിര്‍ത്തിയിലേക്ക് ഇറങ്ങിയ കടുവയെ ഉച്ചയോടെ വളഞ്ഞ ദൗത്യ സേന മൂന്ന് മണിയോടെ വെടി ഉതിര്‍ക്കുകയായിരുന്നു.
അഞ്ചു തവണ തുടര്‍ച്ചയായി നിറയൊഴിച്ചതോടെയാണ് ക്രൂദ്ധനായ കടുവ നിലംപൊത്തിയത്. നാനൂര്‍ കിലോ ഭാരം കണക്കാക്കുന്ന ആണ്‍ കടൂവയുടെ കാലിനു പരിക്കേറ്റതാണു വനാന്തരങ്ങളില്‍ ഇര തേടാന്‍ തടസ്സമായതെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. വെടിയേറ്റു ചത്ത കടുവയുടെ ജഡം വലിയ കഴകെട്ടി അതില്‍ തൂക്കി നിരവധി പേര്‍ ചേര്‍ന്നാണ് തേയിലത്തോട്ടത്തിലൂടെ റോഡിലെത്തിച്ചത്. അപ്പോഴേക്കും പ്രദേശമാകെ ജനനിബിഢമായി.
തുടര്‍ന്നു കടുവയുടെ ജഢം വനം വകുപ്പിന്റെ വാഹനത്തില്‍ മുതുമല കടുവാസങ്കേതത്തിലെ ദെപ്പക്കാട് ലോഗ് ഹൗസിലേക്ക് കൊണ്ടു പോയി.
ലോഗ്ഹൗസില്‍ വെച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും. ഈ മാസം പത്തിന് വയനാട് വനാതിര്‍ത്തിയില്‍ കടുവ സുന്ദരത്ത് ഭാസ്‌കരന്‍ എന്നയാളെ കൊന്ന് മാംസം ഭക്ഷിച്ചു.
ഈ മാസം 14നാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ പാട്ടവയലില്‍ തോട്ടം തൊഴിലാളി സ്ത്രീ മഹാലക്ഷ്മിയെ ഈ കടുവ കടിച്ചുകൊന്നത്. മഹാലക്ഷ്മിയുടെ മൃതദേഹവുമായി തമിഴ്‌നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് കടുവയെ കൊല്ലാന്‍ സര്‍ക്കാര്‍ പ്രത്യേക ദൗത്യ സംഘത്തെ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസം നടത്തിയ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് ദേശീയ മൃഗത്തിന് നേരെ വെടിയുതിര്‍ത്തത്.
മഹാലക്ഷ്മിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും അതില്‍ മൂന്ന് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ മകന് പ്രായപൂര്‍ത്തിയാവുന്ന മുറയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കൊടുക്കാനും തീരുമാനമായിട്ടുണ്ട്. കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിന്റെ ചെലവുകള്‍ പൂര്‍ണമായും തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി. എന്നാല്‍ കടുവ കൊന്ന് തിന്ന നൂല്‍പ്പുഴയിലെ ഭാസ്‌ക്കരന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്ന കാര്യത്തിലും മകന് ജോലി നല്‍കുന്ന കാര്യത്തിലുമെല്ലാം കേരള വനം വകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് സര്‍ക്കാറിലേക്ക്ശിപാര്‍ശ ചെയ്യുമെന്നും ഭാസ്‌ക്കരന്റെ മകന് വനം വകുപ്പില്‍ താല്‍ക്കാലിക ജോലി കൊടുക്കുമെന്നുമാണ് കേരള വനം വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.