Connect with us

Malappuram

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തില്‍ അഴിമതിയെന്ന്; മുസ്‌ലിം ലീഗ് സമരത്തിന്

Published

|

Last Updated

എടപ്പാള്‍: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്‍പ്പടെ ഇടതു ഭരണ കാലത്ത് 200 കോടിയോളം രൂപയുടെ അഴിമതി നടന്നത് വിജിലന്‍സ് കണ്ടത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെയും പങ്കാളികള്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ ആവശ്യപെട്ട് മുസ്‌ലീം ലീഗ് സമര പരമ്പരകള്‍ ആരംഭിക്കുന്നു.
സമരത്തിന്റെ ആദ്യ ഘട്ടമായി നാളെ വൈകുന്നേരം നാലിന് നരിപ്പറമ്പില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് മുസ്‌ലീം ലീഗ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊന്നാനി, തിരൂര്‍ താലൂക്കിലെ കാര്‍ഷിക, കുടിവെള്ള, ടൂറിസം മേഖലയിലുടെ അഭിവൃദ്ധിയും വികസനവും ലക്ഷ്യമിട്ട് നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്, പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍, പൊന്നാനി ഫിഷര്‍മെന്‍ കോളനി എന്നിവയുടെ നിര്‍മാണത്തിലാണ് വന്‍ അഴിമതി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. എല്‍ ഡി എഫ് ഭരണകാലത്തെ നിര്‍മാണത്തിലെ അഴിമതിയില്‍ സി പി എം നേതാക്കളുടെ പങ്കും പുറത്ത് കൊണ്ടുവരണം. അറ്റകുറ്റ പണികള്‍ നടത്താത്ത യു ഡി എഫ് സര്‍ക്കാറിന്റെ നയമാണ് ചോര്‍ച്ചക്ക് കാരണമെന്ന കെ ടി ജലീല്‍ എം എല്‍ എയുടെ ആരോപണം അഴിമതിയെ ന്യായീകരിക്കലാണെന്നും അഴിമതിക്ക് പങ്കുപറ്റിയ മുഴുവന്‍ പേരേയും പുറത്ത് കൊണ്ട് വരുന്നത് വരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. അശ്‌റഫ് കോക്കൂര്‍, പി സൈതലവി മാസ്റ്റര്‍, ഇബ്രാഹിം മൂതൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.