Connect with us

Malappuram

റിക്കവറി വാനുമായി പോലീസ്; വാഹന ഉടമകള്‍ ജാഗ്രതൈ

Published

|

Last Updated

മഞ്ചേരി: നഗരത്തില്‍ അനധികൃത പാര്‍ക്കിംഗ് വ്യാപകമായതിനെ തുടര്‍ന്ന് റിക്കവറി വാനുകളുമായി ട്രാഫിക് പോലീസ്. അനധികൃത പാര്‍ക്കിംഗ് നിരോധിച്ച് നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ച മേഖലകളില്‍ വാഹനം നിര്‍ത്തിയിട്ട് പോകുന്നത് ഉണ്ടാക്കുന്ന ഗതാഗത കുരുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസിന്റെ കര്‍ശന നടപടി.
ഇന്നലെ മാത്രം മഞ്ചേരിയില്‍ ഒമ്പത് വാഹനങ്ങള്‍ പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി. മലപ്പുറം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കൊണ്ടുവന്ന റിക്കവറി വാനാണ് ഇതിന് ഉപയോഗിക്കുന്നത്. രണ്ടായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണ് അനധികൃത വാഹന പാര്‍ക്കിംഗ്.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മഞ്ചേരി ട്രാഫിക് യൂനിറ്റ് എസ് ഐ ഐ സത്യനാഥന്റെ നേതൃത്വത്തില്‍ നഗരം ഗതാഗതകുരുക്ക് വിമുക്തമാക്കുന്നതിനുള്ള നടപടികളാരംഭിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള ചെറാക്കര റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ആശുപത്രിയിലേക്ക് വരുന്ന രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ട്രാഫിക് ഉപദേശക സമിതി ഇവിടെ പാര്‍ക്കിംഗ് നിരോധിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സി ഐ സണ്ണി ചാക്കോ നേരിട്ടെത്തി വാഹന ഉടമകളോടും ഡ്രൈവര്‍മാരോടും വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വീണ്ടും ഇവിടെ അനധികൃത പാര്‍ക്കിംഗ് തുടരുകയാണ്. മഞ്ചേരി സി എച്ച് ബൈപ്പാസ് റോഡിന്റെ അവസ്ഥയും മറ്റൊന്നല്ല. റോഡിനിരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും റോഡില്‍ വെച്ച് വാഹന റിപ്പയറിംഗ് നടത്തുന്നതും ഏറെ അപകടം ക്ഷണിച്ചു വരുത്തുന്നു. അമിത വാഹനതിരക്കുമൂലമുണ്ടായ അപകടത്തില്‍ ഇവിടെ വെച്ച് ഒരു വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു.