വള്ള്യാട് ആക്രമണം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം- എസ് എസ് എഫ്

Posted on: February 19, 2015 10:01 am | Last updated: February 19, 2015 at 10:01 am

കോഴിക്കോട്: വടകര വള്ള്യാട് എസ് എസ് എഫ് പ്രവര്‍ത്തകരെ പട്ടാപ്പകല്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രകോപനമില്ലാതെയാണ് ആയുധധാരികളായ സംഗം ആക്രമണം അഴിച്ചുവിട്ടത്. തലക്ക് മാരകമായി പരുക്കേറ്റ പ്രവര്‍ത്തകര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ പ്രതികള്‍ നാട്ടില്‍ കറങ്ങി നടക്കുകയാണ്. പരുക്കേറ്റ് വീണ പ്രവര്‍ത്തകന്റെ ശരീരത്തില്‍ കയറ്റിയ വാഹനവും ഇന്നലെ വള്ള്യാട്ട് നിരത്തിലിറങ്ങിയിട്ടുണ്ട്.
രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വിധേയരാകാതെ നിയമപാലകര്‍ പ്രതികളെ അറസ്റ്റ് ചെയ്യാനും വധശ്രമത്തിന് കേസെടുക്കാനും തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് സഖാഫി മായനാട് അധ്യക്ഷത വഹിച്ചു. സി പി ശഫീഖ് ബുഖാരി, സി പി ഉബൈദുല്ല സഖാഫി, ടി കെ റിയാസ്, എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഹാമിദലി സഖാഫി പാലാഴി, ഇബ്‌റാഹീം സഖാഫി താത്തൂര്‍, റാശിദ് കെ ടി ഒടുങ്ങാക്കാട്, അക്ബര്‍ സ്വാദിഖ് ഇരിങ്ങല്ലൂര്‍, ജലീല്‍ അഹ്‌സനി സംബന്ധിച്ചു.