ചരിത്ര സംഗമത്തിന് മഹാഗുരുവിന്റെ അനുസ്മരണത്തോടെ തുടക്കമാകും

Posted on: February 19, 2015 12:23 am | Last updated: February 19, 2015 at 12:23 am

1925224_855375777839421_3500670107522675802_nതാജുല്‍ ഉലമ നഗര്‍: എസ് വൈ എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന് മുസ്‌ലിം കേരള മുസ്‌ലിംകളുടെ ധൈഷണിക മണ്ഡലത്തില്‍ പ്രഭാവലയം തീര്‍ത്ത മഹാഗുരു എം എ ഉസ്താദ് അനുസ്മരണത്തേടെ തുടക്കമാകും. അറുപതാം വാര്‍ഷിക സമ്മേളനത്തിനായി നാടൊരുങ്ങി നില്‍ക്കെ വിടചൊല്ലിയ അനുഗൃഹീത നേതൃത്വത്തിനുള്ള ആദരവും പ്രാര്‍ഥനയുമാകും ‘എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ സംയുക്ത കൃതികളുടെ’ പ്രകാശനവും അനുസ്മരണ സമ്മേളനവും. 22ന് വൈകുന്നേരം 4.30 ന് ഫെയര്‍ ഉദ്ഘാടനം നടക്കും. ഏറെ വ്യത്യസ്ഥവും വൈവിധ്യവുമായി ഒരുക്കുന്ന ഫെയര്‍ നഗരിയുടെ ആകര്‍ഷണമാകും. അഞ്ച് മണിക്ക് മലപ്പുറത്തിന്റെ സ്‌നേഹ പൈതൃകം എന്ന വിഷയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രമുഖര്‍ സംബന്ധിക്കും. ഏഴിന് കലാവിരുന്ന് അരങ്ങേറും.

23 ന് വൈകുന്നേരം ഏഴിന് നടക്കുന്ന ‘എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സംയുക്ത കൃതികളുടെ’ പ്രകാശനവും അനുസ്മരണ സമ്മേളനവും എം എ എന്ന മഹാവ്യക്തിത്വത്തിന്റെ ചിന്താലോകത്തേക്കുള്ള വഴികാട്ടിയാകും. കേരളത്തിന്റെ പുസ്തക പ്രസാധന ചരിത്രത്തിലെ അപൂര്‍വതകളിലൊന്നാണ് ‘എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സംയുക്ത കൃതികള്‍’. മുസ്‌ലിം കൈരളിയുടെ ചിന്താ മണ്ഡലങ്ങളില്‍ രാകിമിനുക്കിയ പാണ്ഡിത്യത്തിന്റെ പേനത്തുമ്പില്‍ നിന്ന് പിറവിയെടുത്ത കനമുള്ള വരികള്‍ കോര്‍ത്തിണക്കിയ അറിവിന്റെ പുസ്തക രൂപമാണ് 23ന് പ്രകാശനം ചെയ്യുന്നത്. മതം, ശാസ്ത്രം, കമ്മ്യൂണിസം, യുക്തിവാദം, മതനവീകരണം, വിശ്വാസം, കര്‍മം, ആത്മസംസ്‌കരണം, ചരിത്രം എന്നിവയെ കുറിച്ചുള്ള ആധികാരികമായ പഠനങ്ങളുടെ മുവ്വായിരം പേജുകളാണ് മൂന്ന് വാള്യങ്ങളിലായി റീഡ് പ്രസ്സ് പ്രസിദ്ധീകരിക്കുന്നത്. പ്രകാശന ചടങ്ങിലും അനുസ്മരണ സമ്മേളനത്തിലും പ്രമുഖര്‍ പങ്കെടുക്കും.
24ന് വൈകുന്നേരം ഏഴിന് മണിക്ക് മാപ്പിളപ്പാട്ടിന്റെ പാരമ്പര്യം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 8.30 ന് ഇശല്‍ സന്ധ്യ അരങ്ങേറും. 25ന് ഉച്ചക്ക് മൂന്നിന് ജില്ലയിലെ അറുപത് മഹാന്‍മാരുടെ മഖ്ബറകളില്‍ നിന്ന് ആത്മീയ ചൈതന്യമായി പുറപ്പെടുന്ന കൊടിമര ജാഥകള്‍ നഗരിയില്‍ സംഗമിക്കും. 4.30 ന് സൗഹൃദസംഗമം നടക്കും. വൈകുന്നേകം ഏഴ് മണിക്ക് ഡോ. ഫാറൂഖ് നഈമിയുടെ പ്രഭാഷണവും നടക്കും.
ദേശീയപാതക്കും സംസ്ഥാന പാതക്കുമിടയിലെ വിശാലമായ വയലില്‍ പന്തല്‍ ഉയര്‍ന്നു തുടങ്ങിയതോടെ തന്നെ താജുല്‍ ഉലമ നഗരിയില്‍ പ്രവര്‍ത്തകരുടെ ആവേശകരമായ സാന്നിധ്യം അനുഭവപ്പെട്ട് തുടങ്ങി. സമ്മേളനത്തിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ ഗ്രാമനഗര വ്യത്യാസമില്ലാതെ കേരളമെങ്ങും സമ്മേളനത്തിന്റെ അവസാന പ്രചാരണ മുഴക്കത്തിലാണ്.