Connect with us

International

മയക്കുമരുന്ന് കേസ്: ഇന്തോനേഷ്യ- ആസ്‌ത്രേലിയ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു

Published

|

Last Updated

ജക്കാര്‍ത്ത: മയക്കുമരുന്ന് കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന രണ്ട് പൗരന്‍മാരുടെ പേരില്‍ ആസ്‌ത്രേലിയയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. സുനാമിയില്‍ തകര്‍ന്ന ഇന്തോനേഷ്യക്ക് ആസ്‌ത്രേലിയ നല്‍കിയ സംഭാവന എടുത്തുകാട്ടി കഴിഞ്ഞ ദിവസം ടോണി അബോട്ട് രംഗത്തെത്തിയിരുന്നു. ഹീറോയിന്‍ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആസ്‌ത്രേലിയക്കാരായ അന്‍ഡ്ര്യൂ ചാനിന്റെയും മയൂരന്‍ സുകുമാരന്റെയും വധശിക്ഷ അടുത്തുതന്നെ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇതിന്റെ കൃത്യസമയം പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സുനാമി സഹായ ഫണ്ട് പേരുപറഞ്ഞ് ടോണി അബോട്ട് രംഗത്തെത്തിയത്.
നിര്‍ഭാഗ്യവശാല്‍ ഇന്തോനേഷ്യയില്‍ പിടിയിലായ രണ്ട് ആസ്‌ത്രേലിയക്കാരുടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. ഇന്തോനേഷ്യ കുറച്ച് വര്‍ഷം മുമ്പ് സുനാമി ദുരന്തത്തില്‍പ്പെട്ടപ്പോഴുള്ള സന്ദര്‍ഭം മറക്കാന്‍ കഴിയില്ല. ആസ്‌ത്രേലിയ അന്ന് ഒരു ബില്യണ്‍ ഡോളര്‍ ഇന്തോനേഷ്യക്ക് നല്‍കിയിരുന്നു. ഇതിന് പുറമെ സൈന്യത്തെയും അയച്ചു. നിരവധി ആസ്‌ത്രേലിയക്കാര്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇനിയും ഇന്തോനേഷ്യയെ സഹായിക്കാന്‍ തങ്ങള്‍ രംഗത്തുണ്ടാകും. രണ്ട് ആസ്‌ത്രേലിയക്കാരോട് ദയ കാണിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ടോണി അബോട്ട് പറഞ്ഞു.
എന്നാല്‍ ശക്തമായ ഭാഷയിലാണ് ഇന്തോനേഷ്യ ഇതിനോട് പ്രതികരിച്ചത്. ഈ പ്രസ്താവന യഥാര്‍ഥ ആസ്‌ത്രേലിയക്കാരന് യോജിച്ചതല്ല. ഭീഷണി നയതന്ത്ര ഭാഷക്ക് യോജിച്ചതല്ലെന്ന് മനസ്സിലാക്കണം. ഭീഷണിപ്പെടുത്തുക എന്നത് നല്ല പ്രതികരണമായി തോന്നുന്നില്ലെന്നും ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.