കൃതികളുടെ ക്രോഡീകരണത്തിന് നില്‍ക്കാതെ എം എ ഉസ്താദ് യാത്രയായി

Posted on: February 19, 2015 12:44 am | Last updated: February 19, 2015 at 7:21 am
SHARE

ma-usthadകാസര്‍കോട്: രചനയുടെ 60 വര്‍ഷം പിന്നിടുമ്പോഴും തൂലികക്ക് വിശ്രമം നല്‍കാത്ത പോരാളിയായിരുന്നു എം എ ഉസ്താദ്. 1950കളില്‍ അല്‍ ബയാന്‍ മാസികയില്‍ എഴുതി തുടക്കമിട്ട എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ മലയാളം, അറബി, അറബി-മലയാളം ഭാഷകളിലായി മുപ്പതിലേറെ കൃതികള്‍ രചിച്ചു. ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ വേറേയും. എല്ലാം ഒരു കുടക്കീഴില്‍ ആക്കി തിരഞ്ഞെടുത്ത് മൂന്ന് വാല്ല്യങ്ങളിലായി 3000 പേജുള്ള സംയുക്ത കൃതി 23ന് മലപ്പുറം കോട്ടക്കല്ലില്‍ വെച്ച് പ്രകാശനം നിര്‍വഹിക്കാനിരിക്കെയാണ് മഹാന്റെ വിയോഗം.
ചരിത്രം, വീക്ഷണം, ദര്‍ശനം എന്നീ ശീര്‍ഷകങ്ങളിലായി കോഴിക്കോട് റീഡ് പ്രസ്സാണ് പുസ്തകം പുറത്തിറക്കുന്നത്. അവസാന മിനുക്കുപണിയും പൂര്‍ത്തിയാക്കിയാണ് ഉസ്താദ് യാത്രയാകുന്നത്.
പുസ്തകത്തിന്റെ മിനുക്ക്പണി ഒരു വര്‍ഷം മുമ്പ് തുടക്കമിട്ടതാണ്. സമ്പൂര്‍ണ്ണ കൃതികളെന്ന് പേര് ഇട്ട്കൂടെ എന്ന് പ്രസാധകര്‍ ചോദിച്ചപ്പോള്‍ എന്റെ ശരീരത്തിന് മാത്രമേ ക്ഷീണമുള്ളൂ. ചിന്തയും തൂലികയും ഞാന്‍ മരിക്കുവോളം തുടരും എന്നായിരുന്നു ഉസ്താദിന്റെ പ്രതികരണം. വാക്ക് വെറുതയായിരുന്നില്ല അതിനു ശേഷം ആനുകാലികങ്ങളില്‍ അനുസ്മരണ ലേഖനങ്ങള്‍ വന്നു. രണ്ട് ദിവസം മുമ്പ് കാസര്‍കോട് നടന്ന എസ് വൈ എസ് ഹൈവേ മാര്‍ച്ച് സമാപന സമ്മേളനത്തിന് നല്‍കിയ സന്ദേശവും പ്രസക്തമായിരുന്നു.
ഓര്‍മ്മയുടെ ഏടുകള്‍, സമസ്തയുടെ ചരിത്രം എന്നീ മാസ്റ്റര്‍ പീസ് കൃതികള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയുന്നതോടൊപ്പം ഉസ്താദിന്റെ ജീവിത വഴി വിവരിക്കുന്നതാണ്. ചരിത്രങ്ങളുടെ പെരുമഴ തന്നെ ആകൃതികളിലുണ്ട്.
ഇസ്‌ലാമിലെ വിവിധ ചിന്താധാരകളെ സവിസ്തരം പ്രതിപാദിക്കുന്ന രചനകള്‍ ചരിത്ര വിദ്യാര്‍ഥികള്‍ റഫറന്‍സായാണ് കാണുന്നത്. തന്റെ ജീവിതം തന്നെ തുറന്ന പുസ്തകമായി ഇതു വരെ സമൂഹത്തിന് മുമ്പില്‍ വെച്ച ഉസ്താദിന്റെ സംയുക്ത കൃതികളും വിഷയ വൈപുല്യം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.

 

LEAVE A REPLY

Please enter your comment!
Please enter your name here