Connect with us

Eranakulam

പ്രത്യാശ പദ്ധതിയുടെ രണ്ടാംഘട്ടം സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുമെന്നു മന്ത്രി

Published

|

Last Updated

കൊച്ചി: നിര്‍ധന യുവതികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന പ്രത്യാശ പദ്ധതിയുടെ രണ്ടാംഘട്ടം വ്യവസായ വ്യാപാര സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുമെന്നു മന്ത്രി എം കെ മുനീര്‍. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും കേരള സാമൂഹിക സുരക്ഷാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പ്രത്യാശയുടെ ധനസഹായ വിതരണവും മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ ഗോള്‍ഡ് നല്‍കുന്ന അഞ്ച് കോടി രൂപയും സാമൂഹികനീതി വകുപ്പിന്റെ അഞ്ച് കോടി രൂപയും ചേര്‍ത്ത് പത്ത് കോടി രൂപയാണ് പ്രത്യാശ പദ്ധതി വഴി 2,000 യുവതികള്‍ക്ക് നല്‍കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ധനസഹായം നല്‍കിക്കഴിഞ്ഞു. ഇതിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് മലബാര്‍ ഗോള്‍ഡിന്റെ മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ മുന്നോട്ടു വരണം. പ്രത്യാശ പദ്ധതിക്ക് സി എസ് ആര്‍ ഫണ്ട് സമാഹരിക്കുന്നതിന് കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചിയിലെ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും മുനീര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാമൂഹിക നീതി വകുപ്പ് 5,000 കോടിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഡോ. മുനീര്‍ അറിയിച്ചു. ഹീമോഫീലിയ രോഗികള്‍ക്കും വൃക്ക, കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍ക്കുമുള്ള പെന്‍ഷന്‍ എന്നിവയടക്കം നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ ഇന്നലെ വരെ 1,968 യുവതികള്‍ക്ക് അരലക്ഷം രൂപ വീതം 9.75 കോടിയോളം രൂപയാണ് വിതരണം ചെയ്തത്. ഇന്നലെ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 305 യുവതികള്‍ക്ക് 1.75 കോടിയോളം രൂപയുടെ ചെക്കുകള്‍ വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മലബാര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റീവ് ഹെഡ് ആര്‍ അബ്ദുല്‍ ജലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡൊമനിക് പ്രസന്റേഷന്‍ എം എല്‍ എ, മേയര്‍ ടോണി ചമ്മിണി, കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി പി അശ്‌റഫ്, നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അശ്‌റഫ്, കെ എസ് എസ് എം അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ സുകുമാരന്‍, കെ എസ് എസ് എം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീരഞ്ജിനി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ലുലുമാള്‍ ഷോറൂം ഹെഡ് പി കെ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.
മലബാര്‍ ഗോള്‍ഡ് പുറത്തിറക്കുന്ന അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. രക്തപരിശോധന ഉള്‍പ്പെടെ വിവിധ തരം പരിശോധനകള്‍ നടത്താനുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ബസാണ് മൊബൈല്‍ ക്ലിനിക്കായി പ്രവര്‍ത്തിക്കുക. അവശ്യം വേണ്ട മരുന്നുകളും ക്ലിനിക്കില്‍ ലഭ്യമാകും. മലബാര്‍ ഗോള്‍ഡ് ഇത്തരത്തില്‍ പുറത്തിറക്കുന്ന മൂന്നാമത്തെ ബസാണിത്. റസിഡന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റെ സേവനം കൊച്ചി കോര്‍പറേഷനിലാണ് തുടക്കത്തില്‍ ലഭ്യമാകുക.