Connect with us

International

യു എന്‍ റിപ്പോര്‍ട്ട് ആറ് മാസത്തോളം വൈകും

Published

|

Last Updated

കൊളംബൊ : ശ്രീലങ്കയില്‍ തമിഴ്പുലികള്‍ക്കെതിരായി നടന്ന യുദ്ധത്തിന്റെ അന്തിമഘട്ടത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവെന്ന യു എന്‍ റിപ്പോര്‍ട്ട് ആറ് മാസത്തോളം വൈകും. സംഭവം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടക്കുന്നതിന് സഹായകമാകുമെന്നതിനാലാണ് യു എന്‍ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ യുദ്ധക്കുറ്റം സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം സംബന്ധിച്ച സാധ്യത ശ്രീലങ്കയുടെ പുതിയ നീതിന്യായ വകുപ്പ് മന്ത്രി വിജിയദാസ രജപക്‌സെ തള്ളി. അന്താരാഷ്ട്ര അന്വേഷണമെന്നത് ആവശ്യപ്പെടാത്ത ഇടപെടലാണെന്നും എന്നാല്‍ ആഭ്യന്തര നടപടികളിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞ രജപക്‌സെ, അന്താരാഷ്ട്ര അന്വേഷണം അംഗീകരിച്ച് തങ്ങളുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പറഞ്ഞു.
ആഭ്യന്തര സംവിധാനങ്ങളിലൂടെ ഫലം കണ്ടെത്തി നീതി നടപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിനിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് 2014 മാര്‍ച്ചിലാണ് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ വോട്ടിംഗിലൂടെ തീരുമാനിച്ചത്. 2009ലെ തമിഴ് പുലികള്‍ക്കെതിരായ യുദ്ധത്തില്‍ 40,000 തമിഴ് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മാര്‍ച്ച് അഞ്ചിന് യു എന്‍ പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.
അതേസമയം, പുതിയ സര്‍ക്കാറിന് അന്വേഷണം സംബന്ധിച്ച തയ്യാറെടുക്കാന്‍ സമയം നല്‍കുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ട് സെപ്തംബര്‍വരെ വൈകിയേക്കുമെന്ന് യു എന്‍ മനുഷ്യാവകാശ തലവന്‍ സീദ് റാ അദ് അല്‍ ഹുസൈന്‍ പ്രഖ്യാപിച്ചു. മുന്‍ സര്‍ക്കാറിനെ അപേക്ഷിച്ച് മനുഷ്യാവകാശ പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് പുതിയ സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest