Connect with us

National

പനീര്‍ ശെല്‍വം ഒടുവില്‍ മുഖ്യമന്ത്രിക്കസേരയില്‍

Published

|

Last Updated

ചെന്നൈ: ഒടുവില്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രിക്കായി ഒരുക്കിയ ഒന്നാം നമ്പര്‍ കസേരയില്‍ തന്നെ ഇരിപ്പുറപ്പിച്ചു. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാതെ അതിന് തൊട്ടുള്ള ഇരിപ്പിടത്തിലായിരുന്നു കഴിഞ്ഞ സെപ്തംബര്‍ മുതല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ആസനസ്ഥനായിരുന്നത്. ഇതിന് കാരണം വ്യക്തം. “തലൈവി” ഇരുന്നിടത്തില്‍ ഇരിക്കാന്‍ മനസ്സ് സമ്മതിച്ചില്ല.
ഇതിന് പനീര്‍ശെല്‍വം പ്രതിപക്ഷത്തിന്റെ ഏറെ വിമര്‍ശവും പരിഹാസവും കേള്‍ക്കേണ്ടിയും വന്നു. “ബിനാമി മുഖ്യമന്ത്രി” എന്നായിരുന്നു പനീര്‍ശെല്‍വത്തെ പ്രതിപക്ഷം കളിയാക്കിയിരുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ സെപ്തംബറില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കോടതി ജയലളിയയെ നിയമസഭാംഗത്വത്തില്‍ നിന്നും അയോഗ്യയാക്കിയിരുന്നു.
അവര്‍ക്ക് പകരമാണ് പനീര്‍ശെല്‍വത്തെ അവര്‍തന്നെ മുഖ്യമന്ത്രിയായി നിയോഗിച്ചത്. മുഖ്യമന്ത്രിയായി ചുമതല ഏറ്റെങ്കിലും തലൈവി ഉപയോഗിച്ചിരുന്ന ഇരിപ്പിടം അദ്ദേഹം മാറ്റിനിര്‍ത്തി. ഇന്നലെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ പനീര്‍ശെല്‍വത്തിന്റെ മനംമാറ്റത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല. സഭയിലെ ഇരട്ട ഇരിപ്പിടമുള്ള സീറ്റില്‍ ആദ്യത്തേതാണ് ജയലളിത ഉപയോഗിച്ചിരുന്നത്. രണ്ടാമത് സീറ്റ് ഒഴിച്ചിടുകയായിരുന്നു. ഡി എം കെ അധികാരത്തിലിരുന്നപ്പോള്‍ ഭരണപക്ഷ നിരയില്‍ ആദ്യത്തെ ഇരട്ട ഇരിപ്പിടത്തില്‍ ആദ്യത്തേത് മുഖ്യമന്ത്രിയും രണ്ടാമത്തേത് സഭാ നേതാവുമാണ് ഉപയോഗിച്ചിരുന്നത്.
ജയലളിത അധികാരമേറ്റപ്പോള്‍ ഭരണപക്ഷനിരയിലെ ആദ്യ ഇരട്ട സീറ്റില്‍ ആദ്യത്തെ ഇരിപ്പടമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. രണ്ടാമത് ഇരിപ്പടം ഒഴിച്ചിട്ടു. പക്ഷെ അതില്‍ മുഖ്യമന്ത്രിയുടെ ഉപയോഗത്തിന് ഒരു മൈക്ക് ഉണ്ടായിരുന്നു.

 

Latest