Connect with us

Eranakulam

പാസഞ്ചര്‍ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണം: ഉപഭോക്തൃ കോടതി

Published

|

Last Updated

കൊച്ചി: തീരദേശ പാതയിലെ തിരക്കേറിയ പാസഞ്ചര്‍ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം പതിനെട്ടായി വര്‍ധിപ്പിക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി തിരുവനന്തപുരം റെയില്‍വേ ഡിവിഷന് നിര്‍ദേശം നല്‍കി. മൂന്ന് മാസത്തെ സമയ പരിധിക്കകം റെയില്‍വേ ഈ വര്‍ധനവ് നടപ്പിലാക്കണം. അതുവരെ ആലപ്പുഴ – എറണാകുളം, എറണാകുളം – കായംകുളം ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 15-ല്‍ കുറയുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് എ. രാജേഷ് പ്രസിഡന്റും, ഷീന്‍ ജോസ്, വി കെ ബീനാകുമാരി എന്നിവര്‍ അംഗങ്ങളുമായ എറണാകളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.
പതിനായിരം രൂപ 12 ശതമാനം പലിശ സഹിതം ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
തീരദേശ പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാ ദുരിതം ചൂണ്ടിക്കാട്ടി ഹ്യൂമണ്‍ റൈറ്റ്‌സ് ഡിഫന്‍ഡ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡി ബി ബിനു സമര്‍പ്പിച്ച ഹരജിയിലാണ് ഈ ഉത്തരവ്.
പാസഞ്ചര്‍ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണത്തിലെ കുറവ്, യാത്രക്കാരുടെ ബാഹുല്യം, ശുചിത്വമില്ലായ്മ, റെയില്‍വേ അധികാരികളുടെ അനാസ്ഥ എന്നിവ മൂലം യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് റെയില്‍വേ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജിസമര്‍പ്പിച്ചത്. കാലപ്പഴക്കം മൂലം പൊട്ടിപ്പൊളിഞ്ഞതും തുരുമ്പെടുത്തതുമായ കോച്ചുകളും വൃത്തിഹീനമായ ടോയ്‌ലെറ്റുകളുമാണ് ട്രെയിനിലുള്ളതെന്ന് കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ ജോസഫ് റോണി ജോസ് 2013 സെപ്തംബര്‍ 22ന് ട്രെയിനുകള്‍ പരിശോധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ടും ഹാജരാക്കപ്പെട്ട തെളിവുകളും റെയില്‍വേയുടെ സേവനത്തിലെ ഗുരുതരമായ ന്യൂനതയുണ്ടെന്ന് വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ബോധപൂര്‍വ്വം ഉണ്ടാക്കുന്ന അപകടങ്ങളെ ദുരന്തങ്ങള്‍ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും 71 പേരുടെ മരണത്തിനിടയാക്കിയ വാഗണ്‍ ട്രാജഡിയെ കുറിച്ചും ഉത്തരവില്‍ കോടതി ഓര്‍മിപ്പിച്ചു.
മൂന്നാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലെ ദുരിതപൂര്‍ണമായ ട്രെയിന്‍ യാത്രയെകുറിച്ച് 1917ല്‍ ഗാന്ധിജി എഴുതിയത് വിധിന്യായത്തില്‍ ഉദ്ധരിച്ച കോടതി നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യാതൊരു മാറ്റവുമില്ലെന്നകാര്യവും ചൂണ്ടിക്കാട്ടി.
യാത്രികരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുക എന്നത് റെയില്‍വേയുടെ നിയമപരമായ ചുമതലയാണ്.
അത് ഉറപ്പുവരുത്താനായി എത്രയുംവേഗം യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.