രാജ്യത്തെ ഫ്രീസോണുകളിലെ വ്യവസായ വളര്‍ച്ചയില്‍ വന്‍കുതിപ്പ്‌

Posted on: February 17, 2015 6:17 pm | Last updated: February 17, 2015 at 6:17 pm

അബുദാബി: കഴിഞ്ഞ വര്‍ഷം രാജ്യത്തെ സ്വതന്ത്ര വ്യാപാര മേഖലകളിലെ വ്യവസായ വളര്‍ച്ചയില്‍ വന്‍കുതിപ്പുണ്ടായതായി കണക്കുകള്‍.

കഴിഞ്ഞ വര്‍ഷാവസാനമുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം ഫ്രീസോണുകളില്‍ നടന്നത് 60,000 കോടി ദിര്‍ഹമിന്റെ വ്യവസായമാണ്. 2013ല്‍ ഇത് 52,000 കോടി മാത്രമായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വ്യവസായ വര്‍ധനവാണ് 2014ല്‍ രേഖപ്പെടുത്തിയത്.
വ്യവസായ മന്ത്രാലയത്തിനു കീഴിലെ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കമേഴ്‌സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അനാലിസിസ് ഡയറക്ടറേറ്റ് പുറത്തുവിട്ട വിശദമായ കണക്കുകളിലാണ് രാജ്യത്തെ ഫ്രീസോണ്‍ മേഖലകളിലെ വ്യവസായം വന്‍വളര്‍ച്ച കൈവരിച്ചതായി വ്യക്തമാക്കിയിട്ടുള്ളത്. 2009-2013 കാലഘട്ടത്തിലാണ് രാജ്യത്തെ ഫ്രീസോണുകളിലെ വ്യവസായ രംഗത്ത് വന്‍തോതില്‍ ഉണര്‍വുണ്ടായതായി കണക്കുകള്‍ പറയുന്നു.
ഇക്കാലയളവില്‍ കയറ്റുമതി, പുനര്‍കയറ്റുമതി, ഇറക്കുമതി രംഗത്ത് വലിയ വര്‍ധനവുണ്ടായി. 2009ല്‍ 28,600 കോടി ദിര്‍ഹമിന്റെ വ്യവസായമാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇത് 2013ലെത്തിയപ്പോള്‍ 52,000 കോടിയായി ഉയര്‍ന്നു, കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ശരാശരി 16 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു.
നിലവില്‍ രാജ്യത്ത് 36 സ്വതന്ത്രവ്യാപാര മേഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വതന്ത്രവും സുരക്ഷിതവുമായ രീതിയില്‍ നിക്ഷേപം നടത്താന്‍ ലോകത്തിന്റെ മുമ്പില്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ഇവിടം. ലോകോത്തര സ്വതന്ത്ര വ്യാപാര മേഖലകളോട് കിടപിടിക്കാന്‍ സാധിക്കുന്നതാണ് രാജ്യത്തെ ഫ്രീസോണുകളെന്ന് വ്യവസായ മന്ത്രാലയ വക്താക്കള്‍ പറഞ്ഞു. എണ്ണ വ്യാപാരം കഴിച്ചുള്ള രാജ്യത്തെ വ്യവസായത്തിന്റെ 33 ശതമാനവും സ്വതന്ത്ര വ്യാപാര മേഖലകള്‍ വഴിയാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ രാജ്യത്തെ വ്യവസായ മേഖലക്ക് വന്‍താങ്ങാണ് ഇവ നല്‍കുന്നത്.
വിദേശനാണ്യം രാജ്യത്തേക്കെത്തിക്കുന്നതില്‍ വലിയ പങ്കാണ് ഫ്രീസോണുകള്‍ വഹിക്കുന്നത്, അധികൃതര്‍ വ്യക്തമാക്കി.