Connect with us

Ongoing News

ദേശീയ ഗെയിംസ് അഴിമതി: സമഗ്ര അന്വേഷണം വേണം- കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഏതെല്ലാം കാര്യങ്ങളില്‍ എത്ര അഴിമതി നടന്നെന്ന് അന്വേഷണം വേണം. ഗെയിംസ് സമാപിച്ച ശേഷം തട്ടിക്കൂട്ട് കണക്കുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി. ജയിലില്‍ കിടക്കാന്‍ വയ്യാത്തതുകൊണ്ടാണ് സി പി എം അംഗങ്ങള്‍ ഗെയിംസിന്റെ സംഘാടക സമിതിയില്‍നിന്ന് രാജിവെച്ചതെന്നും കോടിയേരി പറഞ്ഞു. കേരള എന്‍ ജി ഒ യൂനിയന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ഒരുക്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
ഗെയിംസ് നടത്തിപ്പ് എത്രത്തോളം വികൃതമാക്കാമെന്നാണ് സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നത്. അഴിമതി എങ്ങനെ നടത്താമെന്നതിന് ബിരുദം നേടിയവരാണ് സ്‌പോര്‍ട്‌സ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഗെയിംസ് ഫണ്ട് ഓരോന്നിനും ചെലവാക്കുമ്പോള്‍ തന്നെ ഓഡിറ്റ് തയ്യാറാക്കേണ്ടതിനു പകരം ഗെയിംസ് കഴിഞ്ഞ ശേഷമാണ് ഓഡിറ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. അന്താരാഷ്ട്ര ഏജന്‍സി അന്വേഷിച്ചാല്‍ പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ വിദഗ്ധമായാണ് സര്‍ക്കാര്‍ അഴിമതി നടത്തിയിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
1987ല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നടത്തിയ ദേശീയ ഗെയിംസിനെക്കുറിച്ച് യാതൊരു വിവാദങ്ങളും ഉണ്ടായിട്ടില്ല. അന്ന് ഇന്ത്യന്‍ പ്രസിഡന്റും പ്രധാന മന്ത്രിയുമുള്‍പ്പെടെ കേരളത്തിലെത്തിയിരുന്നു. ഇത്തവണത്തെ ഗെയിംസിന് പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ എത്തിക്കാന്‍ കഴിയാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്- അദ്ദേഹം പറഞ്ഞു.