Connect with us

Kannur

എല്ലാ ജില്ലകളിലും ജനശ്രീ ജൈവ ബസാറുകള്‍ തുടങ്ങും

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ നടന്ന ജനശ്രീ സുസ്ഥിരവികസന മിഷന്റെ എട്ടാം വാര്‍ഷിക സമ്മേളനം സമാപിച്ചു. ജനശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് പങ്കാളിത്ത സുരക്ഷാ പദ്ധതി പ്രകാരം ജൈവകൃഷി വ്യാപിപ്പിക്കണമെന്ന് ജനശ്രീ ചെയര്‍മാന്‍ എം എം ഹസന്‍ ആവശ്യപ്പെട്ടു.
ഇപ്രകാരം തുടങ്ങുന്ന ക്ലസ്റ്ററുകള്‍ക്ക് കൃഷി ചെലവിനായി 25000 രൂപയുടെ സബ്‌സിഡി കൃഷി വകുപ്പ് നല്‍കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. അര ഏക്കറിന് മുകളില്‍ ജൈവകൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2015ല്‍ ജനശ്രീമിഷന്റെ നേതൃത്വത്തില്‍ ജൈവ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ ജില്ലകളിലും ജൈവ ബസാറുകള്‍ ആരംഭിക്കുമെന്നും ഒരുലക്ഷം ജനശ്രീ കുടുംബാംഗങ്ങള്‍ക്ക് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറിവിത്തുകളും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 19 ലക്ഷം ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകളും ജനശ്രീ മിഷന്‍ വിതരണം ചെയ്തതായും രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ രണ്ട് ലക്ഷം കോഴികളെയും അയ്യായിരം പശുക്കളെയും രണ്ടായിരം കന്നുകുട്ടികളെയും വിതരണം ചെയ്തതായും ഹസന്‍ പറഞ്ഞു. ആരോഗ്യ സാക്ഷരതയില്‍ ജനശ്രീയുടെ പങ്ക്, പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും, മാതൃ ശിശു സംരക്ഷണം, ആരോഗ്യ സംരക്ഷണത്തിന് ജനകീയ മുന്നേറ്റം എന്നു തുടങ്ങി ഏഴോളം വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രഭാഷണം നടത്തി. സമാപന സെമിനാര്‍ എം ജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
ജനശ്രീ ട്രഷറര്‍ ലതികാ സുഭാഷ് അധ്യക്ഷത വഹിച്ചു. സതീശന്‍ പാച്ചേനി, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, സുമ ബാലകൃഷ്ണന്‍, തമ്പാനൂര്‍ രവി എന്നിവര്‍ പ്രസംഗിച്ചു.